ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിനെ എപ്പോഴും ശാന്തതയോടെയാണ് നമ്മള്‍ കണ്ടിട്ടുള്ളത്. എന്നാല്‍ 2014 സീസണിലെ ഐപിഎല്ലിനിടെ ദ്രാവിഡിന്റെ ദേഷ്യവും നിരാശയുമെല്ലാം ആരാധകര്‍ കണ്ടു. മുംബൈ ഇന്ത്യന്‍സിനെതിരേ രാജസ്ഥാന്‍ റോയല്‍സ് തോറ്റപ്പോള്‍ തന്റെ ക്യാപ്പെടുത്ത്‌ നിലത്തെറിഞ്ഞ് ദ്രാവിഡ് ഡ്രസ്സിങ് റൂമിലേക്ക് പോകുകയായിരുന്നു.

ആ സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് ദ്രാവിഡ്. 'അഭിമാനിക്കാവുന്ന നിമിഷമായിരുന്നില്ല അത്. വികാരങ്ങള്‍ നിയന്ത്രിക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. ഇങ്ങനെ സ്വയം നിയന്ത്രണം വിടുന്നത് ആദ്യമായിട്ടല്ല. അതിനു മുമ്പും അത്തരത്തില്‍ സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ അതെല്ലാം ഡ്രസ്സിങ് റൂമിലായിരുന്നു. ഇത്തരത്തില്‍ പരസ്യമായി സംഭവിക്കുന്നത് ആദ്യമായാണ്.

രാജ്യാന്തര ക്രിക്കറ്റില്‍ എപ്പോഴും സമ്മര്‍ദ്ദം കൂടുതലായിരിക്കും. എപ്പോഴും ഒരുപാട് കണ്ണുകള്‍ നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കും', ദ്രാവിഡ് വ്യക്തമാക്കുന്നു. 

Content Highlights: Rahul Dravid recalls losing his cool and throwing RR cap in IPL 2014