കാണ്‍പുര്‍:  ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള ഒന്നാം ടെസ്റ്റ് നടന്ന കാണ്‍പുരിലെ ഗ്രീന്‍ പാര്‍ക്ക് ഗ്രൗണ്ട്സ്റ്റാഫിന് 35,000 രൂപ പാരിതോഷികം നല്‍കി ഇന്ത്യയുടെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. മത്സരശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഉത്തര്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അംഗങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

ശിവ് കുമാറിന്റെ നേതൃത്വത്തിലുള്ള ടീം മികച്ച പിച്ച് ഒരുക്കിയതിനാണ് ദ്രാവിഡ് സമ്മാനം നല്‍കിയത്. പേസ് ബൗളര്‍മാരേയും സ്പിന്നര്‍മാരേയും ഒരുപോലെ തുണക്കുന്ന പിച്ചായിരുന്നു കാണ്‍പുരിലേത്. ശ്രേയസ് അയ്യര്‍, വൃദ്ധിമാന്‍ സാഹ, ശുഭ്മാന്‍ ഗില്‍, ടോം ലാഥം, വില്‍ യങ് തുടങ്ങിയ ബാറ്റര്‍മാര്‍ മികച്ച സ്‌കോര്‍ കണ്ടെത്തുകയും ചെയ്തു.

അവസാന നിമിഷം ആവേശം നിറഞ്ഞ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. ഒരു വിക്കറ്റ് കൂടി വീഴ്ത്തിയിരുന്നെങ്കില്‍ ഇന്ത്യക്ക് വിജയിക്കാമായിരുന്നു. എന്നാല്‍ അജാസ് പട്ടേലും രചിന്‍ രവീന്ദ്രയും നടത്തിയ ചെറുത്തുനില്‍പ് പൊളിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല. 

ഇന്ത്യന്‍ പരിശീലകനായി ചുമതലയേറ്റ ശേഷം ദ്രാവിഡ് പഴയൊരു കീഴ്‌വഴക്കവും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുകൊണ്ടുവന്നിരുന്നു. അരങ്ങേറ്റ താരത്തിന് ക്യാപ് സമ്മാനിക്കാന്‍ മുന്‍താരങ്ങളെ ക്ഷണിക്കുന്നതാണ് ആ കീഴ്‌വഴക്കം. ഇത്തരത്തില്‍ ടെസ്റ്റില്‍ അരങ്ങേറിയ ശ്രേയസ് അയ്യറിന് ക്യാപ് സമ്മാനിക്കാനെത്തിയത് മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കറായിരുന്നു.

Content Highlights: Rahul Dravid Gives Rs 35,000 To Groundsmen For Preparing Sporting Pitch