മെല്‍ബണ്‍: താന്‍ അടിച്ച പന്ത് അബദ്ധത്തില്‍ തലയില്‍ തട്ടിയ ബോള്‍ ഗേളിനെ ഉമ്മ നല്‍കി ആശ്വസിപ്പിച്ച് ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം റാഫേല്‍ നദാല്‍. 

ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ വ്യാഴാഴ്ച അര്‍ജന്റീന താരം ഫെഡറിക്കോ ഡെല്‍ബോണിസിനെതിരായ മത്സരത്തിനിടെയാണ് കായികപ്രേമികളുടെ ഹൃദയത്തില്‍ ഇടംപിടിച്ച പെരുമാറ്റം നദാലില്‍നിന്നുണ്ടായത്.

രണ്ടാം സെറ്റിനിടെ നദാലിന്റെ ഒരു റിട്ടേണ്‍ ഷോട്ട് അബദ്ധത്തില്‍ അമ്പയേഴ്‌സ് ചെയറിനടുത്ത് നിന്നിരുന്ന ബോള്‍ ഗേളിന്റെ തലയിലിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഓടി പെണ്‍കുട്ടിക്കടുത്തെത്തിയ സ്പാനിഷ് താരം ക്ഷമചോദിക്കുകയും കുട്ടിയെ ആശ്വസിപ്പിക്കുകയും ചെയ്തു. 

പിന്നീട് മത്സരം പൂര്‍ത്തിയായ ശേഷം വീണ്ടും ആ പെണ്‍കുട്ടിക്കടുത്തെത്തിയ നദാല്‍ അവളോട് സംസാരിക്കുകയും കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു. ഇതിനു പിന്നാലെ തനിക്ക് പ്രശ്‌നമൊന്നുമില്ലെന്നു പറഞ്ഞ പെണ്‍കുട്ടിയുടെ കവിളില്‍ അദ്ദേഹം ഉമ്മവെയ്ക്കുകയായിരുന്നു. നിറഞ്ഞ കൈയടികളോടെയാണ് ഈ നിമിഷത്തെ സ്‌റ്റേഡിയം സ്വീകരിച്ചത്. പിന്നീട് തന്റെ ഹെഡ് ബാന്റ് അദ്ദേഹം പെണ്‍കുട്ടിക്ക് സമ്മാനമായി നല്‍കുകയും ചെയ്തു. 

ഫെഡറിക്കോ ഡെല്‍ബോണിസിനെ തോല്‍പ്പിച്ച് (6-3, 7-6, 6-1) നദാല്‍ അടുത്ത റൗണ്ടിലേക്ക് മുന്നേറുകയും ചെയ്തു. 

Content Highlights: Rafael Nadal apologises to ballgirl with a kiss