ദുബായ്: ഫെബ്രുവരി മാസത്തിലെ ഐ.സി.സിയുടെ മികച്ച താരത്തെ തിരഞ്ഞെടുക്കാനുള്ള പട്ടികയില്‍ ഉള്‍പ്പെട്ട് ഇന്ത്യന്‍ താരം ആര്‍. അശ്വിനും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടും വെസ്റ്റിന്‍ഡീസിന്റെ പുതിയ സെന്‍സേഷന്‍ കൈല്‍ മയേഴ്‌സും.

ജനുവരിയില്‍ ഐ.സി.സി പ്ലെയര്‍ ഓഫ് ദ മന്ത് പുരസ്‌കാരം ഏര്‍പ്പെടുത്തിയപ്പോള്‍ ആദ്യമായി ജേതാവായത് ഇന്ത്യന്‍ താരം ഋഷഭ് പന്തായിരുന്നു.

ആരാധകര്‍ക്കായി വോട്ടിങ് പ്രക്രിയ ഐ.സി.സിയുടെ വെബ്‌സൈറ്റില്‍ ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് എട്ടിനാണ് ഫലം പ്രഖ്യാപിക്കുക. 

ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച അശ്വിന്‍ 24 വിക്കറ്റുകള്‍ വീഴ്ത്തുകയും 176 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ചെന്നൈയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ സെഞ്ചുറിയും നേടിയ അശ്വിനാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക സാന്നിധ്യമായത്. കൂടാതെ മൊട്ടേരയില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെ 400 വിക്കറ്റുകളെന്ന നാഴികക്കല്ലും അശ്വിന്‍ പിന്നിട്ടിരുന്നു.

ഇന്ത്യയ്‌ക്കെതിരേ നേടിയ ഇരട്ട സെഞ്ചുറിയാണ് ജോ റൂട്ടിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. മൂന്നു ടെസ്റ്റില്‍ നിന്ന് 333 റണ്‍സ് നേടിയ റൂട്ട് മൊട്ടേരയില്‍ അഞ്ചു വിക്കറ്റ് പ്രകടനമടക്കം ആറു വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 

ബംഗ്ലാദേശ് പര്യടനത്തിലെ മികച്ച പ്രകടനമാണ് കൈല്‍ മയേഴ്‌സിനെ ഈ പട്ടികയിലെത്തിച്ചിരിക്കുന്നത്. ടെസ്റ്റ് ചരിത്രത്തിലെ അഞ്ചാമത്തെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസ് വെസ്റ്റിന്‍ഡീസ് കുറിച്ചപ്പോള്‍ അതില്‍ ഇരട്ട സെഞ്ചുറിയുമായി തിളങ്ങിയത് മയേഴ്‌സായിരുന്നു. മത്സരത്തില്‍ 210 റണ്‍സെടുത്ത മയേഴ്‌സ് അരങ്ങേറ്റ ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന ലോകത്തിലെ ആറാമത്തെ താരവുമായി. നാലാം ഇന്നിങ്‌സില്‍ ഒരു അരങ്ങേറ്റക്കാരന്റെ ഉയര്‍ന്ന സ്‌കോറിന്റെ റെക്കോഡും മയേഴ്‌സ് സ്വന്തമാക്കി. 

വനിതാ വിഭാഗത്തില്‍ പ്ലെയര്‍ ഓഫ് ദ മന്ത് പുരസ്‌കാരത്തിനായി ഇംഗ്ലണ്ടിന്റെ ടാമ്മി ബ്യൂമോണ്ട്, നാറ്റ് സ്‌കൈവര്‍ എന്നിവര്‍ക്കൊപ്പം വൈറ്റ് ഫേണ്‍സിന്റെ ബ്രൂക്ക് ഹാലിഡേയും നാമനിര്‍ദേശം ചെയ്യപ്പെട്ടു.

Content Highlights: R Ashwin nominated alongside Joe Root Kyle Mayers ICC Player of the Month Award