അഹമ്മദ്ബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍. 

ചെന്നൈയില്‍ നടന്ന ആദ്യ രണ്ടു ടെസ്റ്റുകളിലും തിളങ്ങിയ അശ്വിന്‍ രണ്ടാം ടെസ്റ്റില്‍ ഏതാണ്ട് ഒറ്റയ്ക്കു തന്നെ ഇന്ത്യന്‍ വിജയത്തില്‍ പങ്കാളിയായിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് നേട്ടവുമായി അശ്വിന്‍ തിളങ്ങിയപ്പോള്‍ ഇംഗ്ലണ്ട് വെറും 134 റണ്‍സിന് പുറത്തായിരുന്നു. പിന്നാലെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്കായി സെഞ്ചുറിയുമായും അശ്വിന്‍ കളംനിറഞ്ഞു. പിന്നാലെ രണ്ടാം ഇന്നിങ്‌സില്‍ മൂന്നു വിക്കറ്റുകള്‍ കൂടി വീഴ്ത്തിയ അശ്വിന്‍ ഇംഗ്ലണ്ടിനെ 164 റണ്‍സിന് പുറത്താക്കുന്നതിലും ഇന്ത്യയുടെ 317 റണ്‍സ് ജയത്തിലും നിര്‍ണായക പങ്കു വഹിച്ചു. 

ആദ്യ ടെസ്റ്റിലെ ഈ പ്രകടനത്തോടെ ടെസ്റ്റിലെ അശ്വിന്റെ വിക്കറ്റ് നേട്ടം 394-ല്‍ എത്തി. ഇപ്പോഴിതാ മൊട്ടേരയില്‍ മൂന്നാം ടെസ്റ്റിനായി തയ്യാറെടുക്കുമ്പോള്‍ അപൂര്‍വമായ ഒരു നേട്ടത്തിന്റെ പടിവാതിലിലാണ് അശ്വിന്‍.

ഏറ്റവും കുറവ് ടെസ്റ്റുകളില്‍ 400 വിക്കറ്റ് തികയ്ക്കുന്ന ലോകത്തിലെ രണ്ടാമത്തെ ബൗളറെന്ന നേട്ടത്തിന് തൊട്ടടുത്താണ് താരം.

നിലവില്‍ 76 ടെസ്റ്റുകളില്‍ നിന്നാണ് അശ്വിന്‍ 394 വിക്കറ്റുകള്‍ വീഴ്ത്തിയിരിക്കുന്നത്. അഹമ്മദാബാദില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ആറു വിക്കറ്റുകള്‍ കൂടി നേടാനായാല്‍ ന്യൂസീലന്‍ഡിന്റെ റിച്ചാര്‍ഡ് ഹാഡ്‌ലീയേയും ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്‌നിനെയും മറികടന്ന് രണ്ടാം സ്ഥാനത്തെത്താന്‍ അശ്വിന് സാധിക്കും. ഇരുവരും 80 ടെസ്റ്റുകളില്‍ നിന്നാണ് 400 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ടത്. 

വെറും 72 ടെസ്റ്റുകളില്‍ നിന്ന് 400 വിക്കറ്റുകള്‍ നേടിയ ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരനാണ് ഏറ്റവും കുറവ് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ താരം. ഈ പട്ടികയില്‍ രണ്ടാം സ്ഥാനമാണ് അശ്വിനെ കാത്തിരിക്കുന്നത്.

അതോടൊപ്പം 400 വിക്കറ്റ് ക്ലബ്ബിലെത്തുന്ന ആറാമത്തെ സ്പിന്നര്‍ എന്ന നേട്ടവും മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും അശ്വിനെ കാത്തിരിപ്പുണ്ട്.

Content Highlights: R Ashwin is eyeing the 400 wicket club all set to surpass Richard Hadlee Dale Steyn