കറാച്ചി: വിക്കറ്റ് നേട്ടം ആഘോഷിക്കാത്ത ബൗളര്‍മാര്‍ ക്രിക്കറ്റില്‍ കുറവാണ്. പലരുടെയും ആഘോഷം അതിരുവിടാറാണ് പതിവ്. എന്നാല്‍ ആദ്യ പന്തില്‍ തന്നെ ഒരു താരത്തിന്റെ കുറ്റി തെറിപ്പിച്ച ശേഷം ബൗളര്‍ അദ്ദേഹത്തോട് ക്ഷമ ചോദിച്ചാലോ? പാകിസ്താന്‍ സൂപ്പര്‍ ലീഗിലാണ് അത്തരമൊരു സംഭവം അരങ്ങേറിയത്. 

കഴിഞ്ഞ ദിവസം പി.എസ്.എല്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സും ലാഹോര്‍ ക്വാലന്‍ഡേഴ്‌സും തമ്മില്‍ നടന്ന എലിമിനേറ്റര്‍ പോരാട്ടത്തിനിടെയായിരുന്നു സംഭവം. ആദ്യ പന്തില്‍ തന്നെ പാകിസ്താന്റെ സൂപ്പര്‍ താരം ഷാഹിദ് അഫ്രീദിയുടെ കുറ്റിതെറിപ്പിച്ച ലാഹോര്‍ ക്വാലന്‍ഡേഴ്‌സ് താരം ഹാരിസ് റൗഫ് കൈകള്‍ കൂപ്പി അദ്ദേഹത്തോട് ക്ഷമാപണം നടത്തുകയും ചെയ്തു. 

ടൂര്‍ണമെന്റില്‍ അഫ്രീദി ഉപയോഗിച്ച ഹെല്‍മറ്റ് വാര്‍ത്തകളില്‍ ഇടംപിടിച്ചതിനു പിന്നാലെയാണ് പുതിയ സംഭവം. മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ലാഹോര്‍ ക്വാലന്‍ഡേഴ്‌സ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനു വേണ്ടി 14-ാം ഓവറിലാണ് അഫ്രീദി ക്രീസിലെത്തുന്നത്. ആദ്യ പന്തില്‍ തന്നെ ഹാരിസ് അദ്ദേഹത്തിന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ ഹാരിസ് അഫ്രീദിക്കു നേരെ കൈകൂപ്പുകയും ചെയ്തു. 

മത്സരത്തില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് 25 റണ്‍സിന് തോല്‍ക്കുകയും ചെയ്തു. ജയത്തോടെ ലാഹോര്‍ ക്വാലന്‍ഡേഴ്‌സ് ഫൈനലിലേക്ക് മുന്നേറി.

Content Highlights: PSL Haris Rauf dismisses Shahid Afridi for a first ball duck then apologises