കറാച്ചി: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് പിന്നാലെ താത്കാലികമായി നിര്‍ത്തിവെച്ച പി.എസ്.എല്‍ ടൂര്‍ണമെന്റ് ശനിയാഴ്ച പുനഃരാരംഭിച്ചു. 

മുള്‍ട്ടാന്‍ സുല്‍ത്താന്‍സും കറാച്ചി കിങ്‌സും തമ്മിലുള്ള ക്വാളിഫയര്‍ മത്സരത്തോടെയാണ് ടൂര്‍ണമെന്റ് പുനഃരാരംഭിച്ചത്. മത്സരത്തിനു മുമ്പ് അന്തരിച്ച ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സിന് ആദരമര്‍പ്പിച്ചുള്ള ഇരു ടീമിലെയും താരങ്ങളുടെ നീക്കം ഹൃദയസ്പര്‍ശിയായി.

കറാച്ചി നാഷണല്‍ സ്റ്റേഡിയത്തിലെ മത്സരത്തിനു മുമ്പ് ഇരു ടീമിലെയും താരങ്ങള്‍ മൈതാനത്ത് ഡീന്‍ ജോണ്‍സിന്റെ പേരിലെ ആദ്യ അക്ഷരമായ 'ഡി' മാതൃകയില്‍ അണിനിരന്നാണ് അദ്ദേഹത്തിന് ആദരമര്‍പ്പിച്ചത്. പ്രൊഫസര്‍ ഡീനോ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

പി.എസ്.എല്‍ താരങ്ങളുടെ ഈ നടപടിക്ക് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കൈയടികളാണ്. 

ഹൃദയാഘാതത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ 24-നായിരുന്നു ഡീന്‍ ജോണ്‍സിന്റെ അന്ത്യം. ഐ.പി.എല്ലുമായി ബന്ധപ്പെട്ട് ഇന്ത്യയിലെത്തിയതായിരുന്നു അദ്ദേഹം. ഐ.പി.എല്ലിന്റെ ഔദ്യോഗിക സംപ്രേഷകരായ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കമന്റേറ്റര്‍മാരുടെ സംഘത്തിനൊപ്പമായിരുന്നു ഡീന്‍ ജോണ്‍സ് മുംബൈയിലുണ്ടായിരുന്നത്.

Content Highlights: PSL 2020 players pay touching tribute to late Dean Jones