അഡ്ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും ബാറ്റിങ്ങില്‍ പരാജയപ്പെട്ട യുവതാരം പൃഥ്വി ഷായ്‌ക്കെതിരേ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

ഡേ-നൈറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 'പൂജ്യ'നായി മടങ്ങിയ ഷാ, നാലു റണ്‍സെടുത്ത് രണ്ടാം ഇന്നിങ്‌സിലും അതേ മാതൃകയില്‍ പുറത്തായിരുന്നു. ഇതോടെ താരത്തിന്റെ ബാറ്റിങ് ടെക്നിക്കുകള്‍ക്കെതിരേ പോലും വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇപ്പോഴിതാ അത്തരം വിമര്‍ശകര്‍ക്ക് പരോക്ഷമായി മറുപടി നല്‍കുന്ന തരത്തിലുള്ള പൃഥ്വി ഷായുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി ചര്‍ച്ചയാകുകയാണ്.

'ചിലപ്പോള്‍ നിങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്ന ഒരു കാര്യത്തിന്റെ പേരില്‍ ആളുകള്‍ നിങ്ങളെ നിരുത്സാഹപ്പെടുത്തുന്നുണ്ടെങ്കില്‍, അതിനര്‍ഥം ആ കാര്യം നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുമെന്നും അവര്‍ക്ക് കഴിയില്ലെന്നുമാണ്.'  - ഇതായിരുന്നു ഷായുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി.

Prithvi Shaw posts cryptic message after criticisms

അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും ബൗള്‍ഡായാണ് ഷാ പുറത്തായത്. മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌ക്കറും മുന്‍ ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റുമടക്കമുള്ളവര്‍ താരത്തെ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.

ശുഭ്മാന്‍ ഗില്‍, കെ.എല്‍ രാഹുല്‍ എന്നിവരെ മറികടന്നാണ് ഷാ, ഒന്നാം ടെസ്റ്റിനുള്ള ടീമില്‍ ഇടംപിടിച്ചത്. രണ്ട് ഇന്നിങ്‌സിലും പരാജയമായതോടെ രണ്ടാം ടെസ്റ്റില്‍ താരത്തെ ഒഴിവാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights: Prithvi Shaw posts cryptic message after criticisms