ഐ.പി.എല്‍ താരലേലത്തില്‍ മത്സരിച്ച് രംഗത്തുണ്ടായിരുന്ന ഫ്രാഞ്ചൈസിയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ്. ലേലത്തില്‍ പല പ്രമുഖ താരങ്ങളെയും പ്രീതി സിന്റിയുടെ ടീം സ്വന്തമാക്കിയിരുന്നു. ആരോണ്‍ ഫിഞ്ച്, ഡേവിഡ് മില്ലര്‍, അശ്വിന്‍ തുടങ്ങിയ താരങ്ങളെ പണം വാരിയെറിഞ്ഞും ക്രിസ് ഗെയ്‌ലിനെ അടിസ്ഥാന തുകയായ രണ്ടു കോടിയ്ക്കും പഞ്ചാബ് തട്ടകത്തിലെത്തിച്ചിരുന്നു.

എന്നാല്‍ ഇവരെയൊക്കെ ടീമിലെത്തിച്ചിട്ടും ഒരാളെ മാത്രം വിട്ടുനല്‍കിയതിന്റെ സങ്കടം പ്രീതി സിന്റക്കുണ്ട്. മറ്റാരുമല്ല, കഴിഞ്ഞ സീസണിലെല്ലാം പഞ്ചാബിനൊപ്പമുണ്ടായിരുന്ന സന്ദീപ് ശര്‍മ്മയാണ് ആ കളിക്കാരന്‍.

കിങ്‌സ് ഇലവന്‍ പഞ്ചാബ് ട്വീറ്റ് ചെയ്ത വീഡിയോയില്‍ തന്റെ സങ്കടം പ്രീതി പങ്കുവെയ്ക്കുന്നുണ്ട്. സാന്‍ഡി(സന്ദീപ് ശര്‍മ്മ)യെ വിട്ടുകൊടുക്കേണ്ടി വന്നതില്‍ സങ്കടമുണ്ട്. ഹൃദയം തകര്‍ന്നതു പോലെയുള്ള വേദനയായിരുന്നു അത്. എന്നാലും ലേലത്തില്‍ അവനു വേണ്ടി കടുത്ത മത്സരം നടന്നതില്‍ സന്തോഷമുണ്ട്. കിങ്‌സ് ഇലവന്‍ പഞ്ചാബിന് അവനെ ടീമിലെത്തിക്കാനായില്ലെങ്കിലും ലേലത്തില്‍ അവന്‍ വിജയിക്കുകതന്നെ ചെയ്തു. സാന്‍ഡിക്ക് എല്ലാവിധ ആശംസകളും നേരുന്നു. വീഡിയോയില്‍ പ്രീതി സിന്റ വ്യക്തമാക്കുന്നു.

വലങ്കയ്യന്‍ പേസ് ബൗളറായ സന്ദീപ് ശര്‍മ്മയെ മൂന്നു കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ലേലത്തിലെടുത്തത്. നേരത്തെ ഹര്‍ഭജന്‍ സിങ്ങിനെ വിട്ടുകളഞ്ഞതില്‍ മുംബൈ ഇന്ത്യന്‍ ടീം ഉടമ നിത അംബാനിയും നിരാശ പ്രകടിപ്പിച്ചിരുന്നു.

Content Highlights: Preity Zinta is heartbroken after failing to retain a key player for Kings XI Punjab