രേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയേയും ലോകകപ്പ് ക്രിക്കറ്റിനേയും മറികടന്ന് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയ നേസാമണിയെ കൂട്ടുപിടിച്ച് ഐ.പി.എല്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്‌സും. ടീമിന്റെ ട്വിറ്റര്‍ പേജ് നിറയെ നേസാമണിയുമായി ബന്ധപ്പെട്ട ട്വീറ്റുകളാണ്.

ഇതില്‍ ഏറ്റവും രസകരമായ ഒരു ട്വീറ്റ് എം.എസ് ധോനിയെ ചിത്രത്തോടെ പങ്കുവെച്ച ഒന്നാണ്. ധോനി ക്യാച്ചെടുക്കുന്ന ചിത്രം നല്‍കി അതിന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇങ്ങനെ കുറിപ്പെഴുതിരിക്കുന്നു 'തന്റെ കൃത്യമായ ടൈമിങ്ങിലൂടെ നേസാമണിയെ രക്ഷിക്കാന്‍ കഴിയിയുമായിരുന്ന ഏക വ്യക്തി ഇപ്പോള്‍ ഇംഗ്ലിണ്ടിലാണ്'. ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് ലോകകപ്പിന്റെ തിരക്കിലായതിനാല്‍ ധോനിക്കും നേസാമണിയെ രക്ഷിക്കാനായില്ല എന്നാണ് സി.എസ്.കെയുടെ ട്വീറ്റില്‍ പറയുന്നത്.

2001-ല്‍ പുറത്തിറങ്ങിയ ഫ്രണ്ട്‌സ് എന്ന തമിഴ് ചിത്രത്തിലെ വടിവേലുവിന്റെ കഥാപാത്രത്തിന്റെ പേരാണ് നേസാമണി. നേസാമണിയുടെ തലയിലേക്ക് ജോലിക്കാരന്റെ കൈയില്‍ നിന്ന് ചുറ്റിക വഴുതി വീഴുന്ന ഒരു സീന്‍ ഈ ചിത്രത്തിലുണ്ട്. ധോനിയുണ്ടായിരുന്നെങ്കില്‍ ആ ചുറ്റിക പിടിച്ച് നേസാമണിയെ രക്ഷിക്കുമായിരുന്നു എന്നാണ് സി.എസ്.കെ ട്വീറ്റിലൂടെ ട്രോളിയത്.

ലോകകപ്പ് ട്രോഫിയുമായി നേസാമണി ലണ്ടനില്‍ നില്‍ക്കുന്ന ചിത്രവും ചെന്നൈ സൂപ്പര്‍ കിങ്‌സ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരേ ദക്ഷിണാഫ്രിക്കയ്ക്കായി ഇമ്രാന്‍ താഹിര്‍ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അതിനേയും നേസാമണിയുമായി സി.എസ്.കെ താരതമ്യം ചെയ്യുന്നുണ്ട്. വിക്കറ്റ് ആഘോഷിക്കാനായി ഗ്രൗണ്ട് മുഴുവന്‍ താഹിര്‍ ഓടുന്നത് നേസാമണി ഓടുന്നതു പോലെയാണ് എന്നാണ് ചെന്നൈ ടീമിന്റെ കണ്ടുപിടുത്തം. 

നേസാമണി ഗുരുതരാവസ്ഥയില്‍ ആണ് അയാള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണം എന്ന ട്വീറ്റുകളാണ് ട്വിറ്റര്‍ നിറയെ. ഇതിന് കാരണം പാകിസ്താന്‍കാരാണെത്രേ. പാകിസ്താനിലെ ഒരു ട്രോള്‍ പേജില്‍ ചുറ്റികയുടെ ചിത്രം പോസ്റ്റ് ചെയ്ത് ഒരാള്‍ ചോദിച്ചു. 'ഈ സാധനത്തിന് നിങ്ങളുടെ നാട്ടില്‍ എന്തു പേര് പറയും?'  അപ്പോള്‍ ഒരു തമിഴ്നാട്ടുകാരന്‍ പറഞ്ഞു. 'ഈ ഉപകരണം കൊണ്ടാണ് ഞങ്ങളുടെ പ്രിയപ്പെട്ട കോണ്‍ട്രാക്റ്റര്‍ നേസാമണി ചിറ്റപ്പന്‍ ഗുരുതരാവസ്ഥയിലായത്. അയാളുടെ സഹായിയുടെ കയ്യില്‍ നിന്ന് ചുറ്റിക തെന്ന് വീണ് അപകടം സംഭവിക്കുകയായിരുന്നു.' സിനിമയിലെ രംഗമാണിതെന്ന് അറിയാത്ത പാകിസ്താന്‍കാര്‍ ചോദിച്ചു. 'ഇപ്പോള്‍ അയാള്‍ക്ക് എങ്ങനെയുണ്ട്?',  തൊട്ടു പിന്നാലെ 'പ്രേ ഫോര്‍ നേസാമണി' ഹാഷ് ടാഗ് തരംഗമാകുകയായിരുന്നു. 

മലയാളത്തില്‍ പുറത്തിറങ്ങിയ ഫ്രണ്ട്‌സില്‍ ലാസര്‍ എളേപ്പന്‍ എന്ന ജഗതിയുടെ കഥാപാത്രമാണ് തമിഴിലെത്തിയപ്പോള്‍ നേസാമണിയായത്. രണ്ട് ചിത്രത്തിന്റേയും സംവിധായകന്‍ സിദ്ദീഖ് ആണ്. മലയാളത്തില്‍ ജയറാം, മുകേഷ്, ശ്രീനിവാസന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ ചെയ്തത്. 

 

Content Highlights: Pray for Neasamani Chennai Super Kings Tweet