ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പറും മലയാളിയുമായ പി.ആര്‍ ശ്രീജേഷുമായി കുശലം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാക്കള്‍ക്കായി സ്വന്തം വസതിയിലൊരുക്കിയ വിരുന്നിനിടെയായിരുന്നു ഇരുവരുടെയും സൗഹൃദ സംഭാഷണം.

വെങ്കല മെഡല്‍ പോരാട്ടത്തില്‍ ജര്‍മനിയെ 5-4ന് തോല്‍പ്പിച്ചാണ് ഒളിമ്പിക്‌സില്‍ 41 വര്‍ഷത്തിനു ശേഷം ഇന്ത്യ ഒരു മെഡല്‍ സ്വന്തമാക്കിയത്. 

വിരുന്നിനിടെ ഇന്ത്യന്‍ ഹോക്കി സംഘത്തിനടുത്തെത്തിയ മോദി ടീമിനെ അഭിനന്ദിച്ചു. ഇതിനിടെ നിങ്ങള്‍ ഇപ്പോള്‍ പഞ്ചാബി പഠിച്ചുകാണുമല്ലോ എന്നായിരുന്നു മോദി ശ്രീജേഷിനോട് ചോദിച്ചത്. ഇല്ല, ഇപ്പോള്‍ താനിവരെ മലയാളം പഠിപ്പിക്കുകയാണെന്നായിരുന്നു ശ്രീജേഷിന്റെ മറുപടി.

ജര്‍മനിക്കെതിരേ ജയിച്ച ശേഷം എങ്ങനെ ഗോള്‍പോസ്റ്റിന് മുകളില്‍ കയറി എന്നായിരുന്നു മോദിയുടെ അടുത്ത ചോദ്യം. ''അതെന്റെ വീടാണ്. 21 വര്‍ഷത്തോളമായി ഞാന്‍ അതിനടുത്താണ്. ആ ഒരു എക്‌സൈറ്റ്‌മെന്റില്‍ മുകളില്‍ കയറിപ്പോയതാണ്.'' എന്നായിരുന്നു ഇതിന് ശ്രീജേഷിന്റെ മറുപടി.

ഒളിമ്പിക് സെമിയില്‍ ബെല്‍ജിയത്തോട് തോറ്റ ശേഷം തങ്ങളെ ഫോണ്‍ വിളിച്ച് ആശ്വസിപ്പിച്ചതിന് പ്രധാനമന്ത്രിയോട് ശ്രീജേഷ് നന്ദിയറിയിക്കുകയും ചെയ്തു.

Content Highlights: PR Sreejesh on Interaction with Prime Minister Narendra Modi