റാഞ്ചി: മത്സരങ്ങള്‍ക്കിടെ തങ്ങളുടെ പ്രിയ താരത്തെ അടുത്ത് കാണാനും തൊടാനുമായി കടുത്ത ആരാധകര്‍ ഗ്രൗണ്ട് കയ്യടക്കുന്ന കാഴ്ച പലപ്പോഴും നമ്മള്‍ കണ്ടിട്ടുണ്ട്.

ഇന്ത്യ - ന്യൂസീലന്‍ഡ് രണ്ടാം ട്വന്റി 20 മത്സരത്തിനിടയിലും സമാന സംഭവമുണ്ടായി. റാഞ്ചിയില്‍ നടന്ന മത്സരത്തിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ആരാധകനാണ് സുരക്ഷാവേലി കടന്ന് ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കയറിയത്.

ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ന്യൂസീലന്‍ഡ് ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. മിഡ് ഓണ്‍ മേഖലയില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന രോഹിത്തിനരികിലേക്ക് ഓടിയെത്തിയ ആരാധകന്‍ താരത്തിന്റെ കാലില്‍ തൊടാന്‍ ശ്രമിച്ചു. 

തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തും മുമ്പ് ഇയാള്‍ തിരിച്ചോടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Content Highlights: pitch invader took rohit sharma by surprise during second t20