മുംബൈ: ഇന്ത്യ-ന്യൂസീലന്‍ഡ് രണ്ടാം ടെസ്റ്റിന് ശേഷം ഇരുടീമിലേയും താരങ്ങള്‍ ചേര്‍ന്ന് പിന്‍തിരിഞ്ഞ് നിന്നെടുത്ത ചിത്രം വൈറലാകുന്നു. ഇന്ത്യന്‍ താരങ്ങളായ അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ന്യൂസീലന്‍ഡ് താരങ്ങളായ രചിന്‍ രവീന്ദ്ര, അജാസ് പട്ടേല്‍ എന്നിവര്‍ ചേര്‍ന്നുനില്‍ക്കുന്ന ചിത്രമാണ് ആരാധകര്‍ക്കിടയില്‍ തരംഗമായത്. ഇന്ത്യന്‍ താരം അശ്വിന്‍ എടുത്ത ഈ ചിത്രം ഐസിസി ട്വീറ്റ് ചെയ്തിട്ടുണ്ട്.

നാലു പേരും അവരുടെ ജഴ്‌സിയിലെ പേരു കാണിക്കുന്ന രീതിയിലാണ് ഈ ചിത്രമെടുത്തത്. അതില്‍ ഒരു കൗതുകമുണ്ടായിരുന്നു. നാലു താരങ്ങളുണ്ടെങ്കിലും അതില്‍ രണ്ട് താരങ്ങളുടെ പേര് മാത്രമേയുള്ളു. ഇന്ത്യന്‍ താരങ്ങളായ അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവരുടെ പേരുകള്‍ മാത്രം.

ചിത്രത്തില്‍ ആദ്യം നില്‍ക്കുന്ന അക്‌സര്‍ പട്ടേല്‍ അണിഞ്ഞിരിക്കുന്നത് 'അക്‌സര്‍' എന്നെഴുതിയ ജഴ്‌സിയാണ്. രണ്ടാമത് നില്‍ക്കുന്ന അജാസ് പട്ടേല്‍, 'പട്ടേല്‍' എന്നു പേരെഴുതിയ ജഴ്‌സിയാണ് ധരിച്ചിരിക്കുന്നത്. മൂന്നാമത് നില്‍ക്കുന്ന രചിന്‍ രവീന്ദ്ര 'രവീന്ദ്ര' എന്ന പേരും നാലാമതുള്ള രവീന്ദ്ര ജഡേജ 'ജഡേജ'  എന്ന പേരുമാണ് ജഴ്‌സിയില്‍ എഴുതിയിരിക്കുന്നത്. ഇതോടെ ക്രമത്തില്‍ നോക്കുമ്പോള്‍ 'അക്‌സര്‍ പട്ടേല്‍', 'രവീന്ദ്ര ജഡേജ' എന്നീ പേരുകളാണ് കാണുന്നത്. ന്യൂസീലന്‍ഡിനായി കളിക്കുന്ന അജാസ് പട്ടേലും രചിന്‍ രവീന്ദ്രയും ഇന്ത്യന്‍ വംശജരാണ്.