മെല്‍ബണ്‍: വനിതകളുടെ ബിഗ് ബാഷ് ലീഗ് ഫൈനലില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിലെ സ്വവര്‍ഗ ദമ്പതികള്‍ നേര്‍ക്കുനേര്‍ വരുന്നു. ശനിയാഴ്ച്ച നടക്കുന്ന ഫൈനലില്‍ പെര്‍ത്ത് സ്‌കോച്ചേഴ്‌സും അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സുമാണ് ഏറ്റുമുട്ടുന്നത്. പെര്‍ത്ത് സ്‌കോച്ചേഴ്‌സിനായി മരിസെയ്ന്‍ കാപ്പും ജീവിത പങ്കാളിയായ ഡെയ്ന്‍ വാന്‍ നീകര്‍ക്ക് അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനായും കളത്തിലിറങ്ങും. 

ഈ സീസണില്‍ ഇതു മൂന്നാം തവണയാണ് ഇരുവരും ഏറ്റുമുട്ടുന്നത്. മുമ്പ് രണ്ടു തവണയും വാന്‍ നീകര്‍ക്കിനെ പുറത്താക്കിയത് കാപ്പാണ്. ഫൈനലിലും ഇത് ആവര്‍ത്തിച്ച് ഹാട്രികിനുള്ള ഒരുക്കത്തിലാണ് കാപ്പ്. ' ഈ സീസണില്‍ രണ്ടു തവണ അവളെ ഞാന്‍ പുറത്താക്കി. എന്നാല്‍ ഇത്തവണ അത് അവളുടെ ദിനമാകുമോ എന്ന പേടിയിലാണ് ഞാന്‍. ഓരോ തവണ പുറത്താക്കുമ്പോഴും അവള്‍ക്ക് എന്നോട് ദേഷ്യമാണ്. കാരണം സോഷ്യല്‍ മീഡിയയില്‍ ആള്‍ക്കാര്‍ അവളെ പരിഹസിക്കും', കാപ്പ് വ്യക്തമാക്കുന്നു. 

എന്നാല്‍ ഇത്തവണയെങ്കിലും കാപ്പിന്റെ ബൗളിങ്ങില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് വാന്‍ നീകര്‍ക്ക്. 'അവളുടെ ബൗളിങ് ശൈലി എനിക്കറിയാം. കഴിഞ്ഞ 12 വര്‍ഷമായി അത് എനിക്ക് പരിചയമുണ്ട്. പക്ഷേ ചില സമയത്ത് അവളുടെ പന്തുകള്‍ അളക്കാന്‍ കഴിയില്ല', വാന്‍ നീകര്‍ക്ക് പറയുന്നു. 

2018-ലായിരുന്നു കാപ്പിന്റേയും വാന്‍ നീകര്‍ക്കിന്റേയും വിവാഹം. ആ സമയത്ത് ഇരുവരും സിഡ്‌നി സിക്‌സേഴ്‌സിന്റെ താരങ്ങളായിരുന്നു. 

Content Highlights: Perth Scorchers' Marizanne Kapp playing against wife Dane van Niekerk in WBBL 2021 Final