പെലെയ്ക്ക് പകരം വയ്ക്കാന്‍ പേരുകള്‍ വേറെയില്ല ഫുട്‌ബോള്‍ ചരിത്രത്തില്‍. എന്നാല്‍, കളത്തിന് പുറത്ത് പല താരങ്ങളെയും പോലെ അങ്ങേയറ്റത്തെ അരാജകജീവിതമായിരുന്നു പെലെയും നയിച്ചിരുന്നത്. ഇപ്പോള്‍ തന്റെ അരാജകജീവിതത്തെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് ബ്രസീലിന്റെ ജീവിക്കുന്ന ഇതിഹാസം.

താന്‍ മൂന്ന് ഭാര്യമാരെയും നിരവധി തവണ വഞ്ചിട്ടുണ്ടെന്നും മറ്റ് ബന്ധങ്ങളില്‍ എത്ര മക്കളുണ്ടെന്ന് അറിയുക പോലുമില്ലെന്നും 1970ലെ ലോകകപ്പ് വിജയം വിഷയമായി നെറ്റ്ഫ്‌ളിക്‌സില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പെലെ പറഞ്ഞു.

pele
പെലെ ആദ്യ ഭാര്യയ്ക്കൊപ്പം. Photo: Getty Images

ദാമ്പത്യ ജീവിതത്തില്‍ സത്യസന്ധത പുലര്‍ത്താന്‍ ബുദ്ധിമുട്ടായിരുന്നോ എന്ന ചോദ്യത്തിനായിരുന്നു പെലെയുടെ ഞെട്ടുന്ന മറുപടി. സത്യസന്ധമായി പറഞ്ഞാല്‍ അത് ബുദ്ധിമുട്ടായിരുന്നു. എനിക്ക് ഒരുപാട് വിവാഹേതര ബന്ധങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ പലതിലും മക്കളും ഉണ്ടായിരുന്നു. ഇക്കാര്യം ഞാന്‍ അറിഞ്ഞത് ഏറെക്കാലം കഴിഞ്ഞാണ്. എന്റെ ആദ്യ ഭാര്യയ്ക്കും ആദ്യത്തെ കാമുകിക്കും ഇക്കാര്യങ്ങളെല്ലാം അറിയുമായിരുന്നു. അവരോട് ഈ വിഷയത്തില്‍ ഞാന്‍ കള്ളം പറഞ്ഞിട്ടില്ല.

1966ല്‍ ആദ്യ ഭാര്യയായ റോസ്‌മേരിയെ വിവാഹം കഴിക്കുമ്പോള്‍ ഞാന്‍ നന്നേ ചെറുപ്പമായിരുന്നു. എന്റെ ഭാര്യയായിരിക്കുക എന്നത് ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയായിരുന്നു.

pele
പെലെ മൂന്നാമത്തെ ഭാര്യയ്ക്കൊപ്പം. Photo: Getty Images

 റോസ് മേരി ഭാര്യയായി കഴിയുന്ന കാലത്താണ് പെലെ വീട്ടുജോലിക്കാരിയായ അനിസസി മച്ചഡോയുമായി അടുപ്പത്തിലാവുന്നത്. ഈ ബന്ധത്തിലുള്ള മകളാണ് സാന്ദ്ര മച്ചഡോ. ഏറെക്കാലത്തെ നിയമപോരാട്ടത്തിനൊടുവിലാണ് സാന്ദ്രയെ മകളായി അംഗീകരിക്കാന്‍ പെലെ കൂട്ടാക്കിയത്. ഡി. എന്‍. എ പരിശോധനയ്ക്ക് വിധേയനാവാന്‍ പോലും പെലെ സമ്മതിച്ചിരന്നില്ല. അങ്ങനെയാണ് അവര്‍ ദി ഡോട്ടര്‍ പെലെ നെവര്‍ വാണ്ടഡ് എന്നൊരു പുസ്തകം അവര്‍ എഴുതുന്നത്. 2006ല്‍ സാന്ദ്ര മരിച്ചപ്പോള്‍ സംസ്‌കാരച്ചടങ്ങില്‍ പോലും പെലെ പങ്കെടുത്തിരുന്നില്ല.

മനഃശാസ്ത്രജ്ഞയും ഗോസ്പല്‍ ഗായികയുമായ അസിര്‍ല ലെമോസ് സെയ്‌സാസാണ് പെലെയുടെ രണ്ടാംഭാര്യ. ഇവര്‍ക്ക് ഇരട്ടക്കുഞ്ഞുങ്ങളാണുള്ളത്. ജോഷ്വയും സെലസ്‌റ്റെയും. ഈ ബന്ധം നിലനില്‍ക്കെ തന്നെയാണ് പെലെ മാര്‍ഷ്യ അവോകിയുമായി അടുപ്പത്തിലാവുന്നത്. 2008ല്‍ ഇവരെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹം കഴിക്കുമ്പോള്‍ പെലെയേക്കാള്‍ 32 വയസിന് ഇളയതായിരുന്നു അവര്‍.

1970ലെ ലോകകപ്പ് നേടിക്കഴിഞ്ഞപ്പോള്‍ താന്‍ പൊട്ടിക്കരയുകയായിരുന്നുവെന്നും പെലെ പറഞ്ഞു.

കളിക്കളങ്ങള്‍ അടക്കിവാണ ഫുട്‌ബോള്‍ രാജാവിന്റെ ജീവിതത്തിലെ അറിയപ്പെടാതെ ഏടുകള്‍ അനാവരണം ചെയ്യുന്ന ചിത്രത്തിനായി വലിയ കാത്തിരിപ്പിലാണ് ലോകം. വാര്‍ധക്യസഹജമായ അവശതകളുമായി മല്ലിട്ടുകഴിയുകയാണ് പെലെ. പരസഹായമില്ലാതെ നടക്കാനാവില്ല.

Content Highlights: Brazil Football Legend Pele Netflix documentary Pele Wifes