ലാഹോര്‍: ന്യൂസീലന്റുമായി പരമ്പര കളിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പാകിസ്താന്‍. എന്നാല്‍ പരമ്പര തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ന്യൂസീലന്റ് ഈ പരമ്പര റദ്ദാക്കി. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ന്യൂസീലന്റിന്റെ ഈ പിന്മാറ്റം. 

ഇതോടെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് സാമ്പത്തികമായി കനത്ത നഷ്ടമുണ്ടായി. ഇതിന്റെ ആഘാതം കൂട്ടുന്ന ഒരു പുതിയ കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതും ഒരു ബിരിയാണി കണക്ക്. 

ന്യൂസീലന്റ് ടീമിന് സുരക്ഷ ഒരുക്കിയ ഉദ്യോഗസ്ഥര്‍ കഴിച്ച ബിരിയാണിയുടെ ബില്ല് 27 ലക്ഷം രൂപയാണ്. അഞ്ഞൂറിലധികം പോലീസ് ഉദ്യോഗസ്ഥരേയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നത്. ഇതുകൂടാതെ പാകിസ്താന്‍ സൈന്യവും സുരക്ഷ ഒരുക്കിയിരുന്നു. ഇവര്‍ക്കെല്ലാം ഒരു ദിവസം രണ്ട് നേരം ബിരിയാണി നല്‍കിയിരുന്നു. ഇതിനാണ് 27 ലക്ഷം രൂപയുടെ ബില്ല് വന്നത്. 

18 വര്‍ഷത്തെ ഇടവേളക്ക് ശേഷം പാകിസ്താനില്‍ പരമ്പരയ്‌ക്കെത്തിയ ന്യൂസീലന്റ് അവസാന നിമിഷം പിന്മാറുകയായിരുന്നു. മൂന്നു ഏകദിനവും അഞ്ച് ട്വന്റി-20യുമാണ് പരമ്പരയിലുണ്ടായിരുന്നത്.

Content Highlights: PCB Charged 27 Lakh for Biriyani Served to Security Officials Hired for New Zealand Cricket Team