നായകന്‍ വിരാട് കോലിയെ ഒന്ന് കാണാന്‍, ആ കൈകൊണ്ടൊരു ഓട്ടോഗ്രാഫ് ഒപ്പിട്ടുവാങ്ങാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല ക്രിക്കറ്റ് ആരാധകരില്‍. എന്നാല്‍, ഇതേ കോലിക്ക് ഇതുപോലെ ക്രിക്കറ്റ് താരങ്ങളുടെ ഓട്ടോഗ്രാഫിനുവേണ്ടി കഷ്ടപ്പെടേണ്ടിവന്നൊരു കാലമുണ്ടായിരുന്നു. കളി കാണാന്‍ ഒരു ടിക്കറ്റ് സംഘടിപ്പിക്കാന്‍ പാടുപെടേണ്ടിവന്ന നാളുകളുണ്ടായിരുന്നു.
കോലി തന്നെയാണ് ഈ പഴയ കാലം വീണ്ടും ഓര്‍ത്തെടുത്തത്. ഡല്‍ഹി ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയം അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയമായി പുനര്‍നാമകരണം ചെയ്യുന്ന ചടങ്ങിലായിരുന്നു പഴയ ഓര്‍മകളിലേയ്ക്കുള്ള കോലിയുടെ സ്ട്രയ്റ്റ് ഡ്രൈവ്. ഈ ചടങ്ങില്‍ വച്ച് സ്‌റ്റേഡിയത്തിലെ ഒരു പവലിയന് കോലിയുടെ പേരും നല്‍കിയിരുന്നു. ഇതിനോട് അനുബന്ധിച്ച് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ കോലിയുടെ കരിയറിലൂടെ യാത്ര ചെയ്യുന്ന ഒരു ചെറുവീഡിയോ പ്രദര്‍ശിപ്പിച്ചു. ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയ്ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമൊപ്പം ചടങ്ങില്‍ പങ്കെടുത്ത കോലി വികാരാധീനനായാണ് തന്റെ പഴയകാലത്തെ കുറിച്ച് സംസാരിച്ചത്.
'2001ലാണ് ഞാന്‍ ഇവിടെ ആദ്യമായി ഒരു മത്സരം കാണുന്നത്. ഇന്ത്യയും സിംബാബ്‌വെയും തമ്മിലുള്ള ഒരു മത്സരമായിരുന്നു അത്. എന്റെ കുട്ടിക്കാലത്തെ കോച്ച് രാജ്കുമാര്‍ ശര്‍മ ഞങ്ങള്‍ക്ക് രണ്ട് ടിക്കറ്റ് തന്നു. അന്ന് ഗ്യാലറിയുടെ ഗ്രില്ലില്‍ പിടിച്ചുനിന്ന് ജവഗല്‍ ശ്രീനാഥിനോട് ഓട്ടോഗ്രാഫ് ചോദിച്ചത് ഓര്‍മയുണ്ട്. എത്രയേറെ ദൂരം സഞ്ചരിച്ചാണ് ഞങ്ങള്‍ വന്നതെന്ന് അന്ന് സഹോദരനോട് പറയുകയും ചെയ്തിരുന്നു. ഇന്ന് ഇതേ സ്‌റ്റേഡിയത്തിലെ പവലിയന് എന്റെ പേര് ലഭിക്കുന്നത് ഒരു വലിയ ആദരവു തന്നെയാണ്'-കോലി പറഞ്ഞു.
തനിക്ക് ലഭിച്ച ആദരവിന് പിന്നീട് ക്രിക്കറ്റ് അസോസിയേഷനോടും ബി.സി.സി.ഐയോടും ഹൃദയത്തില്‍ തൊട്ട വാക്കുകള്‍ കൊണ്ട് നന്ദി പറയുകയും ചെയ്തു ഇന്ത്യന്‍ നായകന്‍.
Thank you @delhi_cricket and @BCCI for bestowing this honour upon me. The pavilion will remind me of my journey in life and in cricket but most importantly I hope it will serve as an inspiration for the next generation of young cricketers of our nation.
— Virat Kohli (@imVkohli) 12 September 2019
'ഈ ആദരവ് എന്നില്‍ ചൊരിഞ്ഞ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനും ബി.സി.സി.ഐയ്ക്കും എന്റെ നന്ദി. എന്റെ ക്രിക്കറ്റ്, ജീവിതയാത്രകളാവും ഈ പവലിയന്‍ എന്നെ ഓര്‍മപ്പെടുത്തുക. ഇത് രാജ്യത്ത് വളര്‍ന്നുവരുന്ന ക്രിക്കറ്റ് തലമുറയ്ക്ക് പ്രചോദനമേകുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു'-കോലി ട്വീറ്റ് ചെയ്തു.
Content Highlights: Feroz Shah Kotla Stadium, Arun Jaitley Stadium, Virat Kohli stand, Cricket, Javagal Srinath