ന്യൂഡല്‍ഹി: ഇന്ത്യന്‍ താരങ്ങളും വിദേശ താരങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ ഐ.പി.എല്‍ വഹിച്ച പങ്ക് വളരെ വലുതാണ്. പണ്ട് കലിപ്പിലായിരുന്ന പലരും ഐ.പി.എല്ലില്‍ കളിക്കുമ്പോള്‍ മികച്ച സുഹൃത്ബന്ധം ഉണ്ടാക്കുന്നതും കണ്ടിട്ടുണ്ട്.

ഇപ്പോഴിതാ മുന്‍ ഓസ്‌ട്രേലിയന്‍ താരം മാത്യു ഹെയ്ഡനുമൊത്ത് ഇത്തരത്തിലുള്ള ഒരു ഓര്‍മ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേല്‍.

ഇന്ത്യയ്ക്കും ഓസീസിനുമായി കളിച്ച ഇരുവരും പിന്നീട് ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഒന്നിച്ച് ബാറ്റേന്തിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഹെയ്ഡന്‍ തന്റെ മുഖത്തിടിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവമാണ് പാര്‍ഥിവ് പങ്കുവെച്ചത്.

ബ്രിസ്‌ബെയ്‌നില്‍ ഇന്ത്യയും ഓസീസും തമ്മില്‍ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. ''ബ്രിസ്‌ബെയ്‌നില്‍ ഞാന്‍ അന്ന് ഡ്രിങ്ക്‌സ് കൊണ്ടുപോകുകയായിരുന്നു. ആ സമയം ഇര്‍ഫാന്‍ പത്താന്റെ പന്തില്‍ ഹെയ്ഡന്‍ ഔട്ടായ സമയം. അപ്പോഴേക്കും അദ്ദേഹം സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ നിര്‍ണായക സമയത്താണ് ഇര്‍ഫാന്‍ അദ്ദേഹത്തെ പുറത്താക്കിയത്. ആ സമയം അദ്ദേഹത്തിന്റെ അടുത്തുകൂടി പോകുമ്പോള്‍ ഞാന്‍ ചുമ്മാ ഹൂ... ഹൂ... എന്ന് പറഞ്ഞ കളിയാക്കി. അതോടെ ഹെയ്ഡന്‍ ചൂടായി. ബ്രിസ്‌ബെയിനിലെ ഡ്രസ്സിങ് റൂമിലേക്ക് പോകുന്ന വഴി ഒരു ടണല്‍ പോലെയാണ്. അദ്ദേഹം അവിടെ എന്നെ കാത്ത് നിന്നു. ഞാന്‍ എത്തിയപ്പോള്‍ ഇനി ഒരിക്കല്‍ക്കൂടി നീ അത് ആവര്‍ത്തിച്ചാല്‍ നിന്റെ മുഖത്ത് ഞാന്‍ ഇടിക്കും. അതോടെ ഞാന്‍ ക്ഷമ ചോദിച്ചു. അവിടെ നിന്ന് വേഗം രക്ഷപ്പെട്ടു''-പാര്‍ഥിവ് ഓര്‍ത്തു.

അന്ന് എന്നെ ഇടിക്കുമെന്ന് പറഞ്ഞ ഹെയ്ഡന്‍ പിന്നീട് സൂപ്പര്‍ കിങ്‌സില്‍ കളിക്കാനെത്തിയപ്പോള്‍ അടുത്ത സുഹൃത്തായി മാറിയെന്നും പാര്‍ഥിവ്  പറഞ്ഞു. ഹെയ്ഡനുമൊത്തുള്ള സമയം നന്നായി അസ്വദിച്ചിരുന്നുവെന്നും പാര്‍ഥിവ് കൂട്ടിച്ചേര്‍ത്തു.

ഒരിക്കല്‍ താന്‍ ഓസ്‌ട്രേലിയയില്‍ പോയപ്പോള്‍ വീട്ടിലേക്ക് ക്ഷണിച്ച ഹൈഡന്‍ ചിക്കന്‍ ബിരിയാണിയും ദാലും ഉണ്ടാക്കിയാണ് സല്‍ക്കരിച്ചതെന്നും പാര്‍ഥിവ് പറഞ്ഞു.

Content Highlights: Parthiv Patel recalls the incident when Matthew Hayden threatened to punch him