വെല്ലിങ്ടണ്‍: വളരെ കുറച്ചുകാലം കൊണ്ട് ടീം ഇന്ത്യയുടെ വിശ്വസ്തരായ താരങ്ങളില്‍ ഒരാളായി വളര്‍ന്നുവന്ന താരമാണ് കെ.എല്‍ രാഹുല്‍. കഴിഞ്ഞ ഏതാനും പരമ്പരകളിലായി ക്രിക്കറ്റ് ആരാധകര്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്ത പേരുകളിലൊന്നും രാഹുലിന്റേതാണ്.

സമീപകാലത്തെ മികച്ച പ്രകടനങ്ങളോടെ ടീമില്‍ സ്ഥിരം സ്ഥാനമുറപ്പിക്കാനും അദ്ദേഹത്തിനായി. ഇപ്പോഴിതാ ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള്‍ പരമ്പരയുടെ താരമായതും രാഹുല്‍ തന്നെ. അഞ്ചു മത്സരങ്ങളില്‍ നിന്ന് 224 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്.

ധോനിക്ക് പകരക്കാരമെന്നു പറഞ്ഞ ഋഷഭ് പന്തിനെ പുറത്ത് നിര്‍ത്തിയത് രാഹുലിന്റെ മികച്ച പ്രകടനങ്ങള്‍ തന്നെയായിരുന്നു. ശിഖര്‍ ധവാന്റെ അഭാവത്തില്‍ രോഹിത്തിനൊപ്പം ഓപ്പണറായ രാഹുല്‍, അവസാന മത്സരത്തില്‍ ടീമിനെ നയിച്ച രോഹിത് പരിക്കേറ്റ് പിന്മാറിയപ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനവും ഏറ്റെടുത്തു. ഓസീസിനെതിരേ നേരത്തെ നടന്ന ഏകദിന പരമ്പരയില്‍ അഞ്ചാം സ്ഥാനത്ത് ബാറ്റു ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഈ കര്‍ണാടക ബാറ്റ്‌സ്മാന്‍ അതിനും തയ്യാറായി. രണ്ടാം ഏകദിനത്തില്‍ 52 പന്തില്‍ നിന്ന് 80 റണ്‍സുമായി തിളങ്ങുകയും ചെയ്തു. 

പറന്ന് രക്ഷിച്ചെടുത്തത് നാലു റണ്‍സ്; ഫീല്‍ഡിങ്ങില്‍ താരമായി സഞ്ജു

ടീം ഇന്ത്യയ്ക്കായി എന്തു പണിയും ചെയ്യാന്‍ രാഹുല്‍ തയ്യാറാണ്. ഓപ്പണര്‍, വിക്കറ്റ് കീപ്പര്‍, മിഡില്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍, ഇനി ക്യാപ്റ്റനാവണമെങ്കില്‍ അതിനും റെഡി.

രോഹിത്തിന്റെ അഭാവത്തില്‍ ഏല്‍പ്പിച്ച ജോലി ഭംഗിയായി ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് മത്സര ശേഷം രാഹുല്‍ പ്രതികരിച്ചു. പുതിയ വെല്ലുവിളികള്‍ തനിക്ക് ഇഷ്ടമാണെന്നും അത് ആസ്വദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Opener, Middle-order batsman, keeper and now captain KL Rahul