വാതുവെയ്പ്പ് വിവാദം ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു കറുത്ത ഏടായി ഇന്നും നിലനില്‍ക്കുന്ന ഒന്നാണ്. വാതുവെയ്പ്പ് വിവാദങ്ങള്‍ ഉയര്‍ത്തിയ കോലാഹലങ്ങളില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് പതിയെ അതിന്റെ തിരിച്ചുവരവ് സസാധ്യമാക്കിയത് 2000-ന് ശേഷമാണ്. സൗരവ് ഗാംഗുലി എന്ന കാര്‍ക്കശ്യക്കാരനായ അതികായനില്‍ ഇന്ത്യന്‍ ടീമിന്റെ കടിഞ്ഞാണ്‍ എത്തിയ ശേഷമാണെന്ന് വേണമെങ്കില്‍ പറയാം. 

തന്റെ നിലപാടുകളിലൂടെയും കളിക്കളത്തില്‍ നടപ്പാക്കിയ പുത്തന്‍ രീതികളിലൂടെയും ഗാംഗുലി, ദാദയെന്ന വിളിപ്പേരില്‍ ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ ചിരപ്രതിഷ്ഠ നേടി. 

സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍, കുംബ്ലെ തുടങ്ങിയ മഹാരഥന്മാര്‍ അരങ്ങുവാണകാലമായിരുന്നു അത്. അക്കാലത്താണ് സച്ചിന്റെ കാര്‍ബണ്‍ കോപ്പി എന്ന് വിളിക്കാവുന്ന ഒരു പയ്യന്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്നത്. ഏകദിനങ്ങളില്‍ സ്ഥിരമായി അഞ്ചോ ആറോ സ്ഥാനത്ത് കളിച്ചിരുന്ന ആ പയ്യന് കാര്യമായ ഒരു ഇംപാക്റ്റ് തുടക്ക കാലത്ത് പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ടെസ്റ്റിനേ പറ്റിയ താരമല്ലെന്ന് ആ പയ്യനെ അന്നത്തെ ക്രിക്കറ്റ് വിദഗ്ധര്‍ പലരും വിശേഷിപ്പിക്കുകയും ചെയ്തു. 

പക്ഷേ ദാദയ്ക്ക് എന്തോ ആ പയ്യനില്‍ വലിയ വിശ്വാസമുണ്ടായിരുന്നു. അദ്ദേഹം തന്റെ സ്ഥാനം ത്യജിച്ച് ആദ്യം ഏകദിനത്തിലും പിന്നീട് ടെസ്റ്റിലും ആ പയ്യനെ ഓപ്പണിങ് സ്ഥാനത്തിറക്കി. ക്രിക്കറ്റിലെ പ്രത്യേകിച്ചും ടെസ്റ്റ് ക്രിക്കറ്റിലെ ഓപ്പണിങ് ബാറ്റിങ്ങിന്റെ തലവര തന്നെ തിരുത്തിക്കുറിച്ച ഒരു തീരുമാനമായിരുന്നു അത്. 

അന്ന് ദാദ ഓപ്പണിങ് സ്ഥാനത്ത് പ്രതിഷ്ഠിച്ച ആ പയ്യന്റെ പേര് വീരേന്ദര്‍ സെവാഗ്. ബൗളര്‍മാരോട് യാതൊരു കരുണയും കാട്ടാത്ത താരം. ടെസ്റ്റ് എന്നോ ഏകദിനമെന്നോ നോട്ടമില്ലാതെ പന്തിനെ ബൗണ്ടറിയിലേക്കു പായിക്കുന്നതില്‍ മാത്രം ശ്രദ്ധ കണ്ടെത്തിയിരുന്നയാള്‍. സെവാഗിന്റെ ആ വെടിക്കെട്ട് കണ്ട് തന്റെ ഓപ്പണിങ് സ്ഥാനം ഒഴിഞ്ഞ് നല്‍കിയ ദാദ, അന്ന് ഇന്ത്യന്‍ ക്രിക്കറ്റിന് സമ്മാനിച്ചത് ഏക്കാലത്തെയും വിനാശകാരിയായ ഒരു ഓപ്പണറെയായിരുന്നു. 

സ്ഥിരമായി അഞ്ചോ ആറോ സ്ഥാനത്ത് കളിച്ചിരുന്ന സെവാഗിനെ ഓപ്പണറാക്കാനുള്ള സൗരവ് ഗാംഗുലിയുടെ പരീക്ഷണം ഓപ്പണിങ്ങിനെ പറ്റി പൊതുവെയുള്ള ധാരണയെ തന്നെ മാറ്റിക്കളഞ്ഞ ഒന്നായി മാറി. നിലയുറപ്പിച്ച് പതിയെ കത്തിക്കയറുന്ന ശൈലി വിട്ട് തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ സ്‌കോറുകള്‍ കത്തിക്കയറിയത് ഈ നവാബിന്റെ ബാറ്റിങ് മികവിലായിരുന്നു.

മാര്‍ച്ച് 29, എത്രയോ മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ച സെവാഗിന്റെ ക്രിക്കറ്റ് കരിയറിലെ പ്രധാനപ്പെട്ട ദിവസമാണിന്ന്. ഇന്ത്യയ്ക്കായി ടെസ്റ്റില്‍ ട്രിപ്പിള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടം സെവാഗ് സ്വന്തമാക്കിയത് 17 വര്‍ഷം മുമ്പ് മാര്‍ച്ച് 29-ന് ആയിരുന്നു. എന്നാല്‍ അവിടം കൊണ്ടും തീര്‍ന്നില്ല. ക്രിക്കറ്റ് ചരിത്രത്തില്‍ ടെസ്റ്റില്‍ രണ്ടു ട്രിപ്പിള്‍ നേടുന്ന താരമെന്ന റെക്കോഡ് വീരു സ്വന്തമാക്കിയതും ഒരു മാര്‍ച്ച് 29-നായിരുന്നു. 2008 മാര്‍ച്ച് 29-ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു ആ നേട്ടം. 

സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്‍, ബ്രയാന്‍ ലാറ, ക്രിസ് ഗെയില്‍ എന്നിവര്‍ മാത്രമാണ് സെവാഗിനെ കൂടാതെ ടെസ്റ്റില്‍ രണ്ടു ട്രിപ്പിള്‍ സെഞ്ചുറികള്‍ നേടിയ താരങ്ങള്‍. ടെസ്റ്റില്‍ 300 എന്ന മാന്ത്രിക സംഖ്യ തൊട്ട ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടവും വീരുവിന് സ്വന്തമാണ്. 

2004-ലെ പാകിസ്താന്‍ പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനമാണ് വീരുവിന്റെ ബാറ്റില്‍ നിന്ന് 300 എന്ന മാന്ത്രിക സംഖ്യ പിറന്നത്. ആദ്യ ദിനം തന്നെ തകര്‍ത്തടിച്ച് 228 റണ്‍സോടെ പുറത്താകതെ നിന്ന വീരുവിന്റെ മിവില്‍ ആദ്യ ദിനം രണ്ടിന് 356 റണ്‍സെന്ന നിലയിലാണ് ഇന്ത്യ കളിയവസാനിപ്പിച്ചത്. പാക് മണ്ണില്‍ അവര്‍ക്കെതിരേ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടം ആദ്യ ദിനം തന്നെ വീരു സ്വന്തമാക്കി. രണ്ടാം ദിനം 295-ല്‍ നില്‍ക്കെ സഖ്ലെയിന്‍ മുഷ്താഖിനെ സിക്സറിന് പറത്തിയാണ് സെവാഗ് ഇന്ത്യയ്ക്കായി ആദ്യ ട്രിപ്പിള്‍ നേടുന്ന താരമെന്ന നേട്ടവും ടെസ്റ്റിലെ ഇന്ത്യക്കാരന്റെ ഉയര്‍ന്ന സ്‌കോറും കുറിച്ചത്. ഇന്ത്യ അന്നുവരെ കണ്ട ബാറ്റിങ് ഇതിഹാസങ്ങള്‍ക്ക് സ്വന്തമാക്കാന്‍ കഴിയാതെ പോയ നേട്ടമായിരുന്നു അത്. 

531 മിനിറ്റ് ക്രീസില്‍ നിന്ന് 375 പന്തില്‍ 39 ബൗണ്ടറികളും ആറു സിക്സും ഉള്‍പ്പെടെ 309 റണ്‍സെടുത്ത വീരു, മുഹമ്മദ് സമിയുടെ പന്തിലാണ് അന്ന് പുറത്തായത്.

സെവാഗിന്റെ മികവില്‍ അഞ്ചിന് 675 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഇന്ത്യ ഇന്നിങ്സിനും 52 റണ്‍സിനും ജയിക്കുകയും ചെയ്തു. സച്ചിന്‍ 194* റണ്‍സില്‍ ബാറ്റ് ചെയ്യവെ ദ്രാവിഡിന്റെ വിവാദമായ ഡിക്ലറേഷന്‍ തീരുമാനം വന്ന ടെസ്റ്റ് കൂടിയായിരുന്നു അത്.

ആദ്യ ട്രിപ്പിള്‍ നേടി കൃത്യം നാലു വര്‍ഷം തികയുന്ന ദിവസം തന്നെ സെവാഗ് രണ്ടാം ട്രിപ്പിള്‍ സെഞ്ചുറിയുമായി റെക്കോഡ് ബുക്കിലിടം നേടി. 2008 മാര്‍ച്ച് 29-ന് ദക്ഷിണാഫ്രിക്കയ്ക്കെതിരേ ചെന്നൈയില്‍ നടന്ന ടെസ്റ്റിന്റെ മൂന്നാം ദിനമാണ് സെവാഗ് കരിയറിലെ രണ്ടാം ട്രിപ്പിള്‍ സെഞ്ചുറി നേടിയത്. 530 മിനിറ്റ് ക്രീസില്‍ നിന്ന സെവാഗ് വെറും 304 പന്തുകളില്‍ നിന്നാണ് 319 റണ്‍സെടുത്തത്. 42 ബൗണ്ടറികളും അഞ്ചു സിക്സറുകളും ഉള്‍പ്പെടുന്നതായിരുന്നു ആ ഇന്നിങ്സ്. 309 റണ്‍സെന്ന തന്റെ തന്ന സ്‌കോര്‍ മറികടന്ന വീരു ടെസ്റ്റിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡ് 319-ല്‍ എത്തിക്കുകയും ചെയ്തു.

Content Highlights: On this day Virender Sehwag hits two triple tons