ക്രിക്കറ്റിലെ ഓസ്‌ട്രേലിയയുടെ അപ്രമാദിത്വത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. തുടര്‍ച്ചയായ മൂന്ന് ലോകകപ്പുകള്‍ (1999, 2003, 2007) ജയിച്ച ഓസീസ് 2011-ല്‍ ഇന്ത്യന്‍ മണ്ണില്‍ നടന്ന ലോകകപ്പിനെത്തിയത് തുടര്‍ച്ചയായ നാലാം കിരീടം ലക്ഷ്യമിട്ടാണ്. മൂന്ന് ലോക കിരീടങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ ക്യാപ്റ്റനെന്ന നേട്ടം ലക്ഷ്യമിട്ടാണ് റിക്കി പോണ്ടിങ്ങുമെത്തിയത്. അതും ഹാട്രിക്ക് കിരീടമെന്ന നേട്ടം. 

എന്നാല്‍ അഹമ്മദാബാദില്‍ യുവ്‌രാജ് സിങ്ങെന്ന പഞ്ചാബുകാരന്‍ പോണ്ടിങ്ങിന്റെയും ഓസീസിന്റെയും കിരീട മോഹങ്ങള്‍ തല്ലിക്കെടുത്തിയിട്ട് ഇന്ന് ഒമ്പതു വര്‍ഷം തികയുകയാണ്.

അഹമ്മദാബാദില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസീസിനെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സെമിയിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു.

ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ പോണ്ടിങ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആ ലോകകപ്പില്‍ അതുവരെ തിളങ്ങാനാകാതിരുന്ന പോണ്ടിങ് പക്ഷേ ഇന്ത്യയ്‌ക്കെതിരേ മികച്ച കളി തന്നെ പുറത്തെടുത്തു. 118 പന്തുകള്‍ നേരിട്ട ഓസീസ് ക്യാപ്റ്റന്‍ ഒരു സിക്‌സും ഏഴു ഫോറുമടക്കം 104 റണ്‍സെടുത്തപ്പോള്‍ നിശ്ചിത 50 ഓവറില്‍ ഓസീസ് ആറു വിക്കറ്റ് നഷ്ടത്തില്‍ 260-ല്‍ എത്തി. 

മികച്ച എക്കണോമി റേറ്റില്‍ പന്തെറിഞ്ഞ യുവി രണ്ട് വിക്കറ്റുകളും വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി സച്ചിന്‍ (53), ഗൗതം ഗംഭീര്‍ (50) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. എന്നാല്‍ വിക്കറ്റുകള്‍ നഷ്ടമായി ഇടയ്ക്ക് ഒന്ന് പരുങ്ങിയ ഇന്ത്യയെ യുവിയും സുരേഷ് റെയ്‌നയും ചേര്‍ന്ന് വിജയത്തിലെത്തിക്കുകയായിരുന്നു. ബ്രെറ്റ് ലീയെ ബൗണ്ടറിയടിച്ച് യുവി പിച്ചിലിരുന്ന് വിജയം ആഘോഷിച്ച കാഴ്ച ക്രിക്കറ്റ് പ്രേമികള്‍ അത്രപെട്ടെന്നൊന്നും മറക്കാനിടയില്ല.

ധോനി പുറത്തായ ശേഷം ആറാം വിക്കറ്റില്‍ 74 ചേര്‍ന്ന യുവി - റെയ്‌ന കൂട്ടുകെട്ടാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. 65 പന്തുകള്‍ നേരിടട് യുവി എട്ടു ബൗണ്ടറികളടക്കം 57 റണ്‍സോടെ പുറത്താകാതെ നിന്നു. 

Content Highlights: on This Day That Year Yuvraj Singh’s double act stops Aussie juggernaut