2019 ലോകകപ്പിലെ ഇന്ത്യയുടെ അപരാജിത കുതിപ്പിന് ആദ്യമായി കടിഞ്ഞാണിട്ടത് ആതിഥേയരായ ഇംഗ്ലണ്ടായിരുന്നു. കഴിഞ്ഞ ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ തോല്‍വി സംഭവിച്ചിട്ട് ചൊവ്വാഴ്ച ഒരു വര്‍ഷം തികയുകയാണ്. 

2019 ജൂണ്‍ 30-ന് എഡ്ജ്ബാസ്റ്റണിലായിരുന്നു ഇന്ത്യ - ഇംഗ്ലണ്ട് ലോകകപ്പ് മത്സരം. 31 റണ്‍സിനായിരുന്നു ഇന്ത്യ ആ മത്സരം തോറ്റത്.

എന്നാല്‍ അടുത്തിടെ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്സിന്റെ 'ഓണ്‍ ഫയര്‍' എന്ന പുസ്തകം പുറത്തിറങ്ങിയതോടെ ഈ മത്സരം വീണ്ടും സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ചയാകാന്‍ തുടങ്ങി. ഇംഗ്ലണ്ട് കിരീടം നേടിയ 2019 ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ എല്ലാ മത്സരങ്ങളുടെയും വിശകലനം അടങ്ങുന്നതായിരുന്നു പുസ്തകം. ഇതില്‍ ഇന്ത്യയ്ക്കെതിരായ മത്സരത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശകലനമാണ് പുസ്തകം ഇത്രയും ശ്രദ്ധ നേടാന്‍ കാരണമായത്.

മത്സരത്തില്‍ ടീമിനെ ജയിപ്പിക്കാനുള്ള ഒരു ശ്രമവും ധോനിയില്‍ നിന്നുണ്ടായില്ലെന്നും രോഹിത്തിന്റെയും കോലിയുടെ ബാറ്റിങില്‍ ദുരൂഹത ഉണ്ടായിരുന്നതു പോലെയാണ് തനിക്കു തോന്നിയതെന്നും സ്റ്റോക്ക്സ് പുസ്തകത്തില്‍ എഴുതി.

ഇതിനു പിന്നാലെ പാകിസ്താനെ ലോകകപ്പില്‍ നിന്ന് പുറത്താക്കാന്‍ ഇന്ത്യ മനഃപൂര്‍വം ഇംഗ്ലണ്ടിനോട് തോല്‍ക്കുകയായിരുന്നുവെന്ന ആരോപണങ്ങളും ശക്തമായി. മുന്‍ പാക് ബൗളര്‍ സിക്കന്തര്‍ ഭക്ത്, മുന്‍ പാകിസ്താന്‍ ഓള്‍റൗണ്ടര്‍ അബ്ദുല്‍ റസാഖ്, പാകിസ്താന്റെ മുന്‍ സ്പിന്നര്‍ മുഷ്താഖ് അഹമ്മദ് തുടങ്ങിയവര്‍ ഇന്ത്യന്‍ ടീമിനെതിരേ ആരോപണങ്ങളുമായി രംഗത്തെത്തി.

ജൂണ്‍ 30-ന് എഡ്ജ്ബാസ്റ്റണില്‍ പുതിയ ജേഴ്‌സിയില്‍ കളത്തിലിറങ്ങിയ ഇന്ത്യ, ഇംഗ്ലണ്ടിനോട് പരാജയപ്പെടുകയായിരുന്നു. ജോണി ബെര്‍‌സ്റ്റോയുടെ സെഞ്ചുറിക്ക് 2019 ലോകകപ്പിലെ മൂന്നാം സെഞ്ചുറി കൊണ്ട് രോഹിത് ശര്‍മ മറുപടി നല്‍കിയെങ്കിലും മത്സര ഫലം ഇന്ത്യയ്ക്ക് അനുകൂലമായില്ല. 1992-നു ശേഷം ലോകകപ്പില്‍ ഇംഗ്ലണ്ട്, ഇന്ത്യയ്‌ക്കെതിരേ നേടിയ ആദ്യ വിജയവും ഇതായിരുന്നു.

ഓപ്പണര്‍മാരുടെ കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. ബെയര്‍‌സ്റ്റോയുടെ (111) സെഞ്ചുറിയാണ് ഇംഗ്ലണ്ടിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്. താരത്തിന്റെ ആദ്യ ലോകകപ്പ് സെഞ്ചുറിയായിരുന്നു ഇത്. ജേസണ്‍ റോയ് 57 പന്തില്‍ 66 റണ്‍സ് നേടി. ബെന്‍ സ്റ്റോക്ക്‌സ് 54 പന്തില്‍ 79 റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. തുടക്കത്തില്‍ തപ്പിത്തടഞ്ഞ രോഹിത് ശര്‍മ 109 പന്തില്‍ നിന്ന് 102 ഉം ക്യാപ്റ്റന്‍ കോലി 76 പന്തില്‍ നിന്ന 66 ഉം റണ്‍സെടുത്തെങ്കിലും ഇംഗ്ലീഷ് ബൗളര്‍മാരെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് കഴിഞ്ഞില്ല.

20 സിംഗിളുകള്‍, ഏഴ് ഡോട്ട് ബോളുകള്‍, മൂന്നു ഫോര്‍, ഒരു സിക്‌സ്; ഇന്ത്യയുടെ അവസാന അഞ്ച് ഓവര്‍

വിജയത്തിലേക്കു വേണ്ടുന്ന റണ്‍സും പന്തും തമ്മിലുള്ള അകലെ കൂടിക്കൂടി വന്നപ്പോഴും ക്രീസിലുണ്ടായിരുന്ന ധോനിക്കും കേദാര്‍ ജാദവിനും സിംഗിളുകള്‍ നേടുന്നതിലായിരുന്നു ശ്രദ്ധ. അവസാന 5.1 ഓവറില്‍ ജയിക്കാന്‍ 71 റണ്‍സ്  വേണമെന്നിരിക്കെയായിരുന്നു ഇത്. 39 റണ്‍സ് മാത്രമാണ് അവസാന 31 പന്തില്‍ പിറന്നത്. ഇത് അന്നേ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. 20 സിംഗിളുകളും ഏഴ് ഡോട്ട് ബോളുകളും മൂന്നു ഫോറും ഒരു സിക്‌സുമാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ ഈ അവസാന 31 പന്തുകളില്‍ നിന്ന് പിറന്നത്.

ഇംഗ്ലണ്ടിന്റെ തലവര മാറ്റിയത് ഈ വിജയം

ഓസ്‌ട്രേലിയയോടും ശ്രീലങ്കയോടും തോറ്റ് പുറത്താകലിന്റെ വക്കിലായിരുന്നു ഇന്ത്യയുമായുള്ള മത്സരത്തിനു മുമ്പ് ഇംഗ്ലണ്ട്. ഇന്ത്യയ്‌ക്കെതിരായ മത്സരത്തിലെ ജയത്തോടെയാണ് അവര്‍ക്ക് ആയുസ്സ് നീട്ടിക്കിട്ടിയത്. ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തില്‍ ന്യൂസീലന്‍ഡിനെ തകര്‍ത്തതോടെയാണ് ഇംഗ്ലണ്ടിന് മുന്നേറ്റം സാധ്യമായതും. ഇംഗ്ലണ്ടിന്റെ വിജയത്തോടെ പരുങ്ങലിലായത് പാകിസ്താന്റെ കാര്യമാണ്. ന്യൂസീലന്‍ഡുമായി പോയന്റ് നിലയില്‍ ഒപ്പമെത്താനായെങ്കിലും നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ പാകിസ്താന്‍ ലോകകപ്പില്‍ നിന്ന് പുറത്തായി. ഇതേ ഇംഗ്ലണ്ടും ന്യൂസീലന്‍ഡും ലോകകപ്പ് ഫൈനല്‍ കളിക്കുകയും ചെയ്തു. ഇംഗ്ലണ്ട് കിരീടവും സ്വന്തമാക്കി.

Content Highlights: on this day India lose World Cup 2019 match to England triggering conspiracy theories