ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരുടെ പട്ടികയെടുത്താല്‍ അതില്‍ മുന്‍നിരയില്‍ തന്നെയാകും മഹേന്ദ്ര സിങ് ധോനിയുടെ സ്ഥാനം. ട്വന്റി 20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി തുടങ്ങി ടീമിന് എന്നും അഭിമാനിക്കാവുന്ന നേട്ടങ്ങളെല്ലാം തന്നെ സമ്മാനിച്ച നായകനാണ് ധോനി.
എന്നാല്‍ 2004-ല്‍ ബംഗ്ലാദേശിനെതിരായ അരങ്ങേറ്റ പരമ്പരയ്ക്കു പിന്നാലെ ടീമില്‍ നിന്ന് പുറത്താക്കപ്പെടുമെന്ന് ഭയന്ന ഒരു ധോനിയുണ്ടായിരുന്നു. ബാറ്റിങ്ങിലും വിക്കറ്റിനു പിന്നിലും തുടര്‍ച്ചയായി ഉണ്ടായിരുന്ന പിഴവുകളായിരുന്നു അതിന് കാരണം. പിന്നാലെ പാകിസ്താനെതിരായ പരമ്പരയിലെ അദ്യ മത്സരത്തിലും ധോനിക്ക് തിളങ്ങാനായില്ല. ടീമിലെ സ്ഥാനം നഷ്ടമാകുമെന്ന് ധോനി ഏറെക്കുറെ ഉറപ്പിച്ചിരുന്ന സമയത്താണ് ധോനിയെ തേടി അന്നത്തെ ക്യാപ്റ്റനായിരുന്ന ഗാംഗുലിയുടെ ഫോണ്‍വിളിയെത്തുന്നത്. പാകിസ്താനെതിരായ പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ പ്ലേയിങ് ഇലവനില്‍ ധോനി ഉണ്ടെന്ന കാര്യം അറിയിക്കാന്‍. തന്റെ അവസാന അവസരമാണ് അതെന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു.
2005, ഏപ്രില്‍ അഞ്ച്, ധോനി എന്ന താരത്തെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഒഴിച്ചുകൂടാനാകാത്ത ശക്തിയാക്കി ഉറപ്പിച്ചു നിര്‍ത്തിയത് ആ ദിവസമായിരുന്നു. വിശാഖപട്ടണത്തെ വൈ.എസ് രാജശേഖര റെഡ്ഡി സ്റ്റേഡിയത്തില്‍ മഹി എല്ലാം മറന്ന് തകര്‍ത്താടിയ ദിവസം. പാക് ബൗളര്‍മാരെ നാലുപാടും പായിച്ച് അന്നത്തെ ആ 'മുടിയന്‍' ഏകദിനത്തിലെ തന്റെ കന്നി സെഞ്ചുറി കുറിച്ചിട്ട് ഇന്നേക്ക് 15 വര്‍ഷം തികയുകയാണ്.
വിശാഖപട്ടണത്ത് ടോസ് നേടിയ ക്യാപ്റ്റന്‍ ഗാംഗുലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നാലാം ഓവറില്‍ തന്നെ സച്ചിനെ ഇന്ത്യയ്ക്ക് നഷ്ടമായി. മൂന്നാം നമ്പറില്‍ ദാദയെ പ്രതീക്ഷിച്ചിരുന്നവരെ ഞെട്ടിച്ച് ഒരു നീളന്‍ മുടിക്കാരന്‍ മൈതാനത്തേക്ക് നടന്നെത്തി.
അതുവരെ കളിച്ച നാല് രാജ്യാന്തര ഏകദിനങ്ങളില്‍ നിന്ന് 22 റണ്‍സ് മാത്രമായിരുന്നു ധോനിയുടെ സമ്പാദ്യം. ഉയര്‍ന്ന സ്‌കോര്‍ 12 റണ്‍സ് മാത്രവും. എന്നാല്‍ ഒരു വശത്ത് വീരേന്ദര്‍ സെവാഗ് തകര്‍ത്തടിക്കുന്നത് കണ്ടതോടെ ധോനിയും വിട്ടുകൊടുത്തില്ല. മുഹമ്മദ് സമിയും റാണാനവേദും അബ്ദുള്‍ റസാഖും ഷാഹിദ് അഫ്രിദിയും ഉള്‍പ്പെടെയുള്ള ബൗളര്‍മാരെല്ലാം ധോനിയുടെ തല്ലുവാങ്ങാന്‍ തുടങ്ങി. അയാളില്‍ നിന്ന് അത്തരമൊരു പ്രകടനം ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നുവേണം പറയാന്‍. ധോനിയെ മൂന്നാമതിറക്കാനുള്ള ദാദയും തന്ത്രം ഫലം കാണുകയായിരുന്നു.
സെവാഗിനൊപ്പം രണ്ടാം വിക്കറ്റില്‍ 96 റണ്‍സ് കൂട്ടിച്ചേര്‍ത്ത ധോനി പിന്നീട് സെവാഗും ദാദയും പുറത്തായ ശേഷം നാലാം വിക്കറ്റില്‍ ദ്രാവിഡിനൊപ്പം 149 റണ്‍സിന്റെ കൂട്ടുകെട്ടും പടുത്തുയര്‍ത്തി. ഒടുവില്‍ മുഹമ്മദ് ഹഫീസ് എറിഞ്ഞ 42-ാം ഓവറിലെ രണ്ടാം പന്തില്‍ പുറത്താകുമ്പോള്‍ 123 പന്തില്‍ നിന്ന് 15 ഫോറും നാല് കൂറ്റന്‍ സിക്‌സുമടക്കം 148 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു ആ റാഞ്ചിക്കാരന്‍. തന്റെ കന്നി സെഞ്ചുറിക്കൊപ്പം ഇന്ത്യന്‍ ടീമിലെ സ്ഥിര സ്ഥാനം കൂടിയാണ് ധോനി അന്ന് സ്വന്തമാക്കിയത്. ധോനിയുടെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ മികവില്‍ 356 റണ്‍സ് നേടിയ ഇന്ത്യ പാകിസ്താനെ 58 റണ്‍സിന് പരാജയപ്പെടുത്തുകയും ചെയ്തു.
അതേ വര്‍ഷം തന്നെ പിന്നീട് ശ്രീലങ്കയ്‌ക്കെതിരേ നടന്ന മത്സരത്തിലാണ് ധോനി തന്റെ ഏകദിന കരിയറിലെ ഉയര്‍ന്ന സ്‌കോര്‍ നേടിയത്. 2005 ഒക്ടോബര്‍ 31-ന് 183 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.
പിന്നീട് കരിയറില്‍ മഹിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 2007-ലെ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ദയനീയ പ്രകടനത്തിന് ശേഷം ആ വര്‍ഷം നടന്ന പ്രഥമ ട്വന്റി 20 ലോകകപ്പില്‍ ധോനി നായകസ്ഥാനത്തുമെത്തി. ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയത് കിരീടവും കൊണ്ട്.
Content Highlights: On this day in 2005 MS Dhoni scored his first international century