46 വര്‍ഷക്കാലത്തെ ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഓര്‍മകളിലൊന്നിന്റെ പിറവിക്ക് ജൂലായ് 13 തിങ്കളാഴ്ച 18 വയസ് തികയുകയാണ്. സൗരവ് ഗാംഗുലിയെന്ന ക്യാപ്റ്റന്‍ ലോര്‍ഡ്‌സിലെ ചരിത്ര ബാല്‍ക്കണിയില്‍ താന്‍ അണിഞ്ഞിരുന്ന ഇന്ത്യയുടെ ജേഴ്‌സിയൂരി വീശിയിട്ട് 18 വര്‍ഷം തികയുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര മാറ്റിയ ഇന്ത്യയുടെ നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനല്‍ വിജയം പിറന്നത് 18 വര്‍ഷം മുമ്പ് ഇതേ ദിവസമായിരുന്നു.

2002 ജൂലായ് 13-ന് ലോര്‍ഡ്‌സിലായിരുന്നു ഇന്ത്യയുടെ ഇംഗ്ലണ്ടും തമ്മിലുള്ള നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനല്‍. ഇന്ത്യയ്‌ക്കെതിരേ ടോസ് നേടിയ ഇംഗ്ലീഷ് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍ ബാറ്റിങ് തിരഞ്ഞെടുത്തു. മാര്‍ക്കസ് ട്രെസ്‌ക്കോത്തിക്കും നാസര്‍ ഹുസൈനും ക്രീസില്‍ ഒന്നിച്ചതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ഈ സഖ്യം 37-ാം ഓവറില്‍ പിരിയുമ്പോഴേക്കും ഇംഗ്ലണ്ട് മത്സരത്തില്‍ പിടിമുറുക്കിയിരുന്നു.

On this day in 2002 India pull off a miraculous chase in Natwest final

സെഞ്ചുറി നേടിയ ഇരുവരും രണ്ടാം വിക്കറ്റില്‍ 185 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 100 പന്തുകള്‍ നേരിട്ട ട്രെസ്‌ക്കോത്തിക്ക് രണ്ടു സിക്‌സും ഏഴു ഫോറുമടക്കം 109 റണ്‍സെടുത്തു. 128 പന്തുകളില്‍ നിന്ന് 10 ഫോറുകളോട് ഹുസൈന്‍ 115 റണ്‍സും സ്വന്തമാക്കി. 50 ഓവര്‍ അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ ബോര്‍ഡിലെത്തിയത് 325 റണ്‍സായിരുന്നു.

326 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും വീരേന്ദര്‍ സെവാഗും ചേര്‍ന്ന് നല്‍കിയത്. 14.3 ഓവറില്‍ ഇരുവരും 106 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 43 പന്തില്‍ 60 റണ്‍സെടുത്ത ഗാംഗുലി പുറത്തായതോടെ മത്സരത്തിലെ ഇന്ത്യയുടെ പിടിവിട്ടു. സ്‌കോര്‍ 114-ല്‍ എത്തിയപ്പോള്‍ 45 റണ്‍സോടെ സെവാഗും മടങ്ങി. ദിനേശ് മോംഗിയ (9), സച്ചിന്‍ (14), ദ്രാവിഡ് (5) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യ അഞ്ചിന് 146 എന്ന മോശം നിലയിലായി.

On this day in 2002 India pull off a miraculous chase in Natwest final

ഇന്ത്യന്‍ ക്യാമ്പ് നിശബ്ദമായി. വിജയമുറപ്പിച്ച പോലെ ഇംഗ്ലീഷ് ടീം ചിരിച്ചു. ഇനിയൊരു മടങ്ങിവരവ് അവര്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ആ സമയം ക്രീസില്‍ ഒന്നിച്ച രണ്ട് യുവതുര്‍ക്കികള്‍ പിന്നീട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്നതാണ് കണ്ടത്. യുവ്‌രാജ് സിങ്ങും മുഹമ്മദ് കൈഫും ആവേശത്തോടെ പൊരുതിയപ്പോള്‍ ഇന്ത്യന്‍ ക്യാമ്പില്‍ വീണ്ടും ആവേശം നിറഞ്ഞു. 

On this day in 2002 India pull off a miraculous chase in Natwest final

24-ാം ഓവറില്‍ ഒന്നിച്ച ഈ സഖ്യം ആറാം വിക്കറ്റില്‍ 121 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 63 പന്തില്‍ നിന്ന് 69 റണ്‍സെടുത്ത യുവിയെ 42-ാം ഓവറില്‍ കോളിങ്‌വുഡ് പുറത്താക്കിയതോടെയാണ് ഈ സഖ്യം പിരിഞ്ഞത്. എന്നാല്‍ കൈഫ് വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. ഹര്‍ഭജനേയും സഹീര്‍ ഖാനെയും കൂട്ടുപിടിച്ച അദ്ദേഹം പൊരുതി. അങ്ങനെ 50-ാം ഓവറിലെ മൂന്നാം പന്തില്‍ ഇന്ത്യ വിജയറണ്‍ കുറിക്കുമ്പോള്‍ ഇന്ത്യന്‍ ക്യാമ്പില്‍ ആവേശം പാരമ്യത്തിലെത്തിയിരുന്നു.

75 പന്തില്‍ ആറു ഫോറും രണ്ടു സിക്സും സഹിതം 87 റണ്‍സോടെ പുറത്താകാതെ നിന്ന കൈഫായിരുന്നു അന്ന് കളിയിലെ താരം.

On this day in 2002 India pull off a miraculous chase in Natwest final

ലോര്‍ഡ്സിലെ ബാല്‍ക്കണിയില്‍ ഗാംഗുലി ജേഴ്‌സിയൂരി വീശി. ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ മറ്റൊരു ക്യാപ്റ്റനില്‍ നിന്നും കാണാത്ത ആഘോഷം. അത് ഇന്നും ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ മായാതെ നില്‍പ്പുണ്ട്.

On this day in 2002 India pull off a miraculous chase in Natwest final

യുവി ഓടിയെത്തി കൈഫിനെ കെട്ടിപ്പിടിച്ചു. ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ ദാദ കൈഫിന്റെ ദേഹത്തേക്ക് ചാടിവീഴുകയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്ന് ക്രിക്കറ്റിന്റെ മെക്കയില്‍ പിറന്നുകഴിഞ്ഞിരുന്നു.

Content Highlights: On this day in 2002 India pull off a miraculous chase in Natwest final