2008 ഏപ്രില്‍ 18-ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബ്രണ്ടന്‍ മക്കല്ലമെന്ന കിവീസ് വെടിക്കെട്ട് താരം കത്തിക്കയറിയത് ആവേശത്തോടെ കണ്ടിരുന്നവരാണ് നമ്മള്‍. അന്ന് ക്രിക്കറ്റിന്റെ പുതിയൊരു ചരിത്രത്തിന് തുടക്കമാകുകയായിരുന്നു. ടെസ്റ്റും ഏകദിനവും പിന്നിടെ ക്രിക്കറ്റ് ട്വന്റി 20 എന്ന കാപ്‌സ്യൂളിലേക്ക് ചുരുങ്ങാന്‍ തുടങ്ങുന്ന സമയം. 2007-ലെ ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് വിജയം വഴിമരുന്നിട്ട ഒരു ക്രിക്കറ്റ് ലീഗ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗെന്ന (ഐ.പി.എല്‍) ക്രിക്കറ്റ് പൂരത്തിന് തുടക്കമായിട്ട് ഇന്നേക്ക് കൃത്യം 12 വര്‍ഷം തികയുകയാണ്.

2008 ഏപ്രില്‍ 18-ന് രാഹുല്‍ ദ്രാവിഡ് ക്യാപ്റ്റനായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും സൗരവ് ഗാംഗുലി നയിച്ച കൊല്‍ത്തക്ക നൈറ്റ് റൈഡേഴ്‌സും തമ്മിലായിരുന്നു പ്രഥമ ഐ.പി.എല്ലിന്റെ ഉദ്ഘാടന മത്സരം.

73 പന്തില്‍ 13 സിക്‌സും 10 ഫോറുമടക്കം 158 റണ്‍സെടുത്ത മക്കല്ലത്തിന്റെ മികവില്‍ കൊല്‍ത്തക്ക 20 ഓവറില്‍ അടിച്ചുകൂട്ടിയത് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ്.

223 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ റോയല്‍ ചലഞ്ചേഴ്‌സ് വെറും 82 റണ്‍സിന് ഓള്‍ഔട്ടായി. 140 റണ്‍സ് ജയത്തോടെ കൊല്‍ത്തക്ക ഉദ്ഘാടന മത്സരം തങ്ങളുടേതാക്കുകയും ചെയ്തു.

ഷെയ്ന്‍ വോണിന്റെ നേതൃത്വത്തിലിറങ്ങിയ രാജസ്ഥാന്‍ റോയല്‍സാണ് പ്രഥമ ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയത്.

Content Highlights: On this day Brendon McCullum slams 158* IPL's inauguration