ശ്രീലങ്ക ക്രിക്കറ്റ് ലോകത്തിന് സംഭാവന ചെയ്ത രണ്ട് ഇതിഹാസ താരങ്ങളാണ് കുമാർ സംഗക്കാരയും മഹേള ജയവർധനെയും. ഈ താരങ്ങളുടെ വിടവാങ്ങലിനു പിന്നാലെ ശ്രീലങ്കൻ ക്രിക്കറ്റിനു സംഭവിച്ച വീഴ്ച പിന്നീട് ക്രിക്കറ്റ് ലോകം കണ്ടതാണ്.

ഇരുവരും ചേർന്ന് ഒട്ടേറെ മികച്ച ഇന്നിങ്സുകൾ ശ്രീലങ്കൻ ക്രിക്കറ്റിന് സംഭാവന ചെയ്തിട്ടുണ്ട്. ഇരുവരും ചേർന്ന കൂട്ടുകെട്ടുകൾ നിരവധി മത്സരങ്ങളിൽ ലങ്കൻ ടീമിനെ വിജയത്തിലേക്ക് നയിച്ചിട്ടുമുണ്ട്. അക്കൂട്ടത്തിലെ ഒരു കൂട്ടുകെട്ട് ക്രിക്കറ്റിന്റെ ചരിത്രത്താളുകളിലൊന്നിൽ ഇടംപിടിച്ചിട്ട് ഇന്ന് 14 വർഷം തികയുകയാണ്.

2006 ജൂലായ് 29-ന് കൊളംബോയിലെ സിംഹളീസ് സ്പോർട്സ് ക്ലബ്ബിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടന്ന ടെസ്റ്റിൽ ഇരുവരും ചേർന്ന് നേടിയ 624 റൺസിന്റെ കൂട്ടുകെട്ട് ടെസ്റ്റ് ക്രിക്കറ്റിൽ ഏതൊരു വിക്കറ്റിലെയും ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ്. ഇന്നും ആരാലും തകർക്കപ്പെടാതെ ആ കൂട്ടുകെട്ട് റെക്കോഡ് ബുക്കിൽ അതേപടി നിലനിൽക്കുകയാണ്.

ദക്ഷിണാഫ്രിക്കയുമായുള്ള രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ ടെസ്റ്റിലാണ് ആ ചരിത്ര കൂട്ടുകെട്ട് പിറന്നത്. ഗ്രെയിം സ്മിത്ത്, ജാക്ക് കാലിസ്, ഷോൺ പൊള്ളോക്ക് എന്നീ പ്രധാന താരങ്ങളില്ലാതെയാണ് ദക്ഷിണാഫ്രിക്ക അന്ന് ശ്രീലങ്കൻ മണ്ണിലെത്തിയത്. അഷ്വെൽ പ്രിൻസാണ് പരമ്പരയിൽ പ്രാട്ടീസിനെ നയിച്ചത്.

ആദ്യ മത്സരത്തിൽ ടോസ് നേടിയ പ്രിൻസ് ബാറ്റിങ് തിരഞ്ഞെടുത്തു. എന്നാൽ ലങ്കൻ ബൗളിങ് നിരയ്ക്കെതിരേ അവർക്ക് പിടിച്ചുനിൽക്കാനായില്ല. 169 റൺസിൽ പ്രോട്ടീസിന്റെ ഒന്നാം ഇന്നിങ്സ് അവസാനിച്ചു. ഒന്നാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ലങ്കയുടെ ഓപ്പണർമാർ രണ്ടു പേരെയും 14 റൺസ് എടുക്കുന്നതിനിടെ പ്രോട്ടീസ് മടക്കി. എന്നാൽ ആ ടെസ്റ്റിൽ അവർ ആഹ്ലാദിച്ച നിമിഷങ്ങൾ അതോടെ തീർന്നു. സംഗക്കാരയും ജയവർധനെയും ക്രീസിൽ ഒന്നിച്ചപ്പോൾ ആദ്യ ദിനം സ്റ്റമ്പടുക്കുമ്പോൾ ലങ്കൻ സ്കോർ രണ്ടിന് 128.

എന്നാൽ രണ്ടാം ദിനം സൂര്യൻ സിംഹളീസ് സ്പോർട്സ് ക്ലബ്ബിന്റെ ആകാശത്ത് തിളങ്ങി നിന്നതോടെ സന്ദർശകരുടെ പ്രതീക്ഷകൾ അവസാനിച്ചു. പിച്ചിന് വേഗവും ബൗൺസും കുറഞ്ഞു. അതോടെ സംഗയും മഹേളയും മഖായ എൻടിനി, ഡെയ്ൽ സ്റ്റെയ്ൻ, ആന്ദ്രേ നെൽ, നിക്കി ബോയെ എന്നിവരടങ്ങിയ ദക്ഷിണാഫ്രിക്കൻ ബൗളർമാരെ മൈതാനത്തിന്റെ നാലുപാടും പറത്താനാരംഭിച്ചു. ഇരുവരും ഉറച്ചുനിന്നതോടെ രണ്ടാം ദിനം ലങ്കയ്ക്ക് വിക്കറ്റുകളൊന്നും നഷ്ടമായില്ല. രണ്ടിന് 485 റൺസെന്ന നിലയിൽ രണ്ടാം ദിനം അവസാനിക്കുമ്പോൾ 229 റൺസുമായി സംഗക്കാരയും 224 റൺസുമായി ജയവർധനെയും ക്രീസിലുണ്ടായിരുന്നു.

മൂന്നാം ദിനത്തിലാണ് ഈ കൂട്ടുകെട്ട് ചരിത്ര പുസ്തകത്തിൽ ഇടംനേടിയത്. മൂന്നാം വിക്കറ്റിൽ 624 റൺസിന്റെ റെക്കോഡ് കൂട്ടുകെട്ട് തീർത്താണ് ഈ സഖ്യം പിരിഞ്ഞത്. 1997 ഓഗസ്റ്റ് രണ്ടിന് ഇന്ത്യയ്ക്കെതിരേ ലങ്കയുടെ തന്നെ സനത് ജയസൂര്യയും (340) റോഷൻ മഹാനാമയും (225) ചേർന്ന് നേടിയ 576 റൺസിന്റെ കൂട്ടുകെട്ടിന്റെ റെക്കോഡ് ഇവർ പഴങ്കഥയാക്കി. ഇതോടൊപ്പം 1946-47 സീസണിൽ വിജയ് ഹസാരെയും ഗുൽ മുഹമ്മദും ചേർന്ന് നേടിയ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടിന്റെ (577) റെക്കോഡും സംഗയും മഹേളയും ചേർന്ന് മറികടന്നു.

675 മിനിറ്റ് ക്രീസിൽ നിന്ന് 457 പന്തുകൾ നേരിട്ട് 35 ഫോറുകളടക്കം 287 റൺസെടുത്ത സംഗക്കാരയെ ആൻഡ്രു ഹാൾ മാർക്ക് ബൗച്ചറുടെ കൈകളിലെത്തിച്ചതോടെയാണ് രണ്ടര ദിവസം നീണ്ടുനിന്ന ഈ കൂട്ടുകെട്ടിന് അവസാനമായത്.

എന്നാൽ ബ്രയാൻ ലാറയുടെ 400 റൺസെന്ന റെക്കോഡ് സ്കോർ തകരുമെന്ന തരത്തിലേക്ക് മഹേള ബാറ്റിങ് തുടർന്നു. ഡിക്ലറേഷൻ വൈകിച്ച് ലങ്കൻ ടീമും അതിനായി കാത്തിരുന്നു. എന്നാൽ നെലിന്റെ പന്തിൽ മഹേളയുടെ വിക്കറ്റ് വീണതോടെ ലങ്ക ഡിക്ലയർ ചെയ്യുകയും ചെയ്തു. 752 മിനിറ്റ് ക്രീസിൽ നിന്ന് 572 പന്തുകൾ നേരിട്ട് ഒരു സിക്സും 43 ഫോറുമടക്കം 374 റൺസെടുത്താണ് മഹേള അന്ന് മടങ്ങിയത്. ടെസ്റ്റിലെ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന നാലാമത്തെ സ്കോറാണ് മഹേള നേടിയത്.

ഇരുവരുടെയും ഇന്നിങ്സിന്റെ മികവിൽ അഞ്ചിന് 756 റൺസെന്ന നിലയിലാണ് ലങ്ക ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. അന്ന് ലങ്ക നേടിയ 587 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡും റെക്കോഡ് തന്നെ.

434 റൺസിൽ പ്രോട്ടീസിന്റെ രണ്ടാം ഇന്നിങ്സ് അവസാനിച്ചപ്പോൾ ഇന്നിങ്സിനും 153 റൺസിനും ലങ്ക ജയിച്ചുകയറി.

Content Highlights: On This Day 29th July 2006 Jayawardene and Sangakkara partnership for the ages