1993 ജൂണ്‍ നാല്, ഓസ്‌ട്രേലിയ - ഇംഗ്ലണ്ട് ആഷസ് പരമ്പര. പിന്നീട് ഇതിഹാസമായി വളര്‍ന്ന മുന്‍ ഓസ്‌ട്രേലിയന്‍ താരം ഷെയ്ന്‍ വോണ്‍ അന്നുവരെ ക്രിക്കറ്റ് ലോകത്തിന് വെറുമൊരു ലെഗ് സ്പിന്നര്‍ മാത്രമായിരുന്നു. എന്നാല്‍ 1993-ലെ ആഷസ് പരമ്പരയിലെ മാഞ്ചെസ്റ്റര്‍ ടെസ്റ്റിന്റെ രണ്ടാം ദിനമായ ജൂണ്‍ നാലിന് ക്രിക്കറ്റ്പ്രേമികള്‍ സാക്ഷാല്‍ ഷെയ്ന്‍ വോണെന്ന മാന്ത്രികന്റെ വിരലുകളില്‍ വിരിഞ്ഞ വിസ്മയത്തിന് സാക്ഷിയായി.

ക്രിക്കറ്റ് ലോകം നൂറ്റാണ്ടിന്റെ പന്തെന്ന് വിശേഷിപ്പിച്ച വോണിന്റെ ആ മാജിക്ക് പിറന്നിച്ച് വ്യാഴാഴ്ച 27 വര്‍ഷം തികയുകയാണ്. വോണിന്റെ കൈവിരലുകളില്‍ നിന്ന് പിറവിയെടുത്ത ഒരു പന്ത് സ്പിന്നിനെതിരേ മികച്ച റെക്കോഡുള്ള ഇംഗ്ലീഷ് താരം മൈക്ക് ഗാറ്റിങ്ങിന്റെ ഓഫ് സ്റ്റമ്പ് പിഴുതപ്പോള്‍ ഗാറ്റിങ്ങിനൊപ്പം ക്രിക്കറ്റ് ലോകവും അദ്ഭുതംകൂറി. ഒരു സാധാരണ ലെഗ് സ്പിന്നറായി ഒതുങ്ങിപ്പോകേണ്ട വോണിന്റെ കരിയര്‍ തന്നെ മാറിമറിഞ്ഞത് ആ പന്തിലായിരുന്നു.

ലെഗ് സ്റ്റമ്പിന് പുറത്തു കുത്തിയ ഒട്ടും അപകടകരമല്ലാതിരുന്ന ആ പന്ത് തന്റെ ഓഫ് സ്റ്റമ്പ് ഇളക്കിയത് കണ്ട് സാക്ഷാല്‍ മൈക്ക് ഗാറ്റിങ് പോലും ഒന്ന് അമ്പരന്നു. വിക്കറ്റ് നഷ്ടപ്പെട്ടത് വിശ്വസിക്കാനാകാതെ ഗാറ്റിങ് തിരിഞ്ഞ് നടക്കുമ്പോള്‍ ക്രിക്കറ്റ് ലോകം ആ പന്തിനെ നൂറ്റാണ്ടിന്റെ പന്തെന്ന് വിളിച്ചു. ആ പന്ത് ഷെയ്ന്‍ വോണ്‍ എന്ന ഇതിഹാസ സ്പിന്നറെ കൂടി ക്രിക്കറ്റ് ചരിത്രത്തില്‍ അടയാളപ്പെടുത്തുകയായിരുന്നു. അന്ന് ഗാറ്റിങ്ങിനെതിരേ പന്തെറിയാനെത്തുമ്പോള്‍ അതുവരെ 11 ടെസ്റ്റുകളില്‍ നിന്നായി 31 വിക്കറ്റുകള്‍ മാത്രമായിരുന്നു വോണിന്റെ സമ്പാദ്യം. എന്നാല്‍ ആ ടെസ്റ്റില്‍ ആകെ എട്ടു വിക്കറ്റുകള്‍ വീഴ്ത്തിയ വോണ്‍ 1993 ആഷസ് പരമ്പരയിലെ അഞ്ചു ടെസ്റ്റുകളില്‍ നിന്നായി വീഴ്ത്തിയത് 35 വിക്കറ്റുകളായിരുന്നു.

അടുത്തിടെ ഒരു അഭിമുഖത്തില്‍ നൂറ്റാണ്ടിന്റെ പന്തെന്ന് വിശേഷിപ്പിച്ച ആ പന്താണ് തന്റെ ജീവിതവും തകിടം മറിച്ചതെന്ന് വോണ്‍ തുറന്നുപറഞ്ഞിരുന്നു. അതോടെ താന്‍ മാധ്യമങ്ങള്‍ക്ക് നിരന്തരം വേട്ടയാടാനുള്ള ഒരു വ്യക്തിയായിയെന്നും വോണ്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: On this day 27 years ago Shane Warne left cricketing world astonished with ball of the century