ക്രിക്കറ്റിന് അതിന്റെ ചിരിത്രത്തില്‍ നിന്ന് ഒരിക്കലും മറക്കാനാകാത്ത ഒരു ദിനമാണിന്ന്. 144 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ ദിവസമാണ് ചരിത്രത്തിലെ ആദ്യ അന്താരാഷ്ട്ര മത്സരം അരങ്ങേറിയത്. 

1877 മാര്‍ച്ച് 15-ന് മെല്‍ബണില്‍ ക്രിക്കറ്റിന്റെ ജന്മനാടായ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഏറ്റുമുട്ടിയപ്പോള്‍ അവിടെ ചരിത്രം പിറക്കുകയായിരുന്നു. മാര്‍ച്ച് 15 മുതല്‍ 19 വരെയായിരുന്നു ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം. ടെസ്റ്റ് മത്സരമായിരുന്നു ഇത്. 

തുടര്‍ച്ചയായ മൂന്ന് ദിവസത്തെ മത്സരത്തിനു ശേഷം ഒരു വിശ്രമദിനവും ഈ മത്സരത്തിലുണ്ടായിരുന്നു എന്നതായിരുന്നു ശ്രദ്ധേയമായ കാര്യം. ഡേവ് ഗ്രിഗറിയുടെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയ 45 റണ്‍സിന് മത്സരം ജയിച്ചു.

ഓസ്‌ട്രേലിയയുടെ ഓപ്പണിങ് ബാറ്റ്‌സ്മാനായിരുന്ന ചാള്‍സ് ബാന്നെര്‍മാര്‍ അന്തരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യ റണ്‍ നേടിയ താരവുമായി. മത്സരത്തില്‍ 165 റണ്‍സെടുത്ത ചാള്‍സിന്റെ പേരില്‍ തന്നെയാണ് ആദ്യ അന്താരാഷ്ട്ര സെഞ്ചുറിയുടെ റെക്കോഡും. 285 മിനിറ്റ് ക്രീസില്‍ ചെലവഴിച്ച ശേഷം അദ്ദേഹം റിട്ടയേര്‍ഡ് ഹര്‍ട്ടാകുകയായിരുന്നു.

ഓസ്‌ട്രേലിയ ആകെ നേടിയ റണ്‍സിന്റെ മൂന്നില്‍ രണ്ട് ഭാഗവും ചാള്‍സിന്റെ ബാറ്റില്‍ നിന്നായിരുന്നു. 245 റണ്‍സിനാണ് അന്ന് ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യ പന്തെറിഞ്ഞ റെക്കോഡ് ഇംഗ്ലണ്ടിന്റെ ആല്‍ഫ്രഡ് ഷായും സ്വന്തമാക്കി. മത്സരത്തില്‍ അദ്ദേഹം മൂന്നു വിക്കറ്റ് വീഴ്ത്തി.

അഞ്ചു വിക്കറ്റ് വീഴ്ത്തിയ ബില്ലി മിഡ്‌വിന്ററിന്റെ പ്രകടനത്തിന്റെ ബലത്തില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് ഓസ്‌ട്രേലിയ 196 റണ്‍സിന് അവസാനിപ്പിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം അതോടെ ബില്ലിയുടെ പേരിലായി.

ഒന്നാം ഇന്നിങ്‌സില്‍ 49 റണ്‍സ് ലീഡ് നേടിയ ഓസീസ് രണ്ടാം ഇന്നിങ്‌സില്‍ വെറും 104 റണ്‍സിന് പുറത്തായി. 

153 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 108 റണ്‍സിന് ഓള്‍ഔട്ടായതോടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ ഔദ്യേഗിക ജയം ഓസീസ് സ്വന്തമാക്കി.

Content Highlights: On this day 144 years ago England and Australia played 1st ever international cricket match