1877 മാര്‍ച്ച് 15-ന് ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മില്‍ മെല്‍ബണില്‍ ഒരു ടെസ്റ്റ് മത്സരം നടന്നു. പില്‍ക്കാലത്ത് ക്രിക്കറ്റ് ചരിത്രത്തെ തന്നെ അടയാളപ്പെടുത്തിയ മത്സരമായി ഇത് മാറി. ആ മത്സരത്തിന്റെ പ്രത്യേകത തന്നെയായിരുന്നു അതിന് കാരണം. 

ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ടെസ്റ്റ് മത്സരമായിരുന്നു 1877 മാര്‍ച്ച് 15-ന് ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ഏറ്റുമുട്ടിയ ആ മത്സരം. ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ടെസ്റ്റ് മത്സരം നടന്നിട്ട് ഇന്ന് 143 വര്‍ഷം പൂര്‍ത്തിയാകുകയാണ്.

ഇംഗ്ലീഷ് ടീമിന്റെ ആദ്യ ഓസ്‌ട്രേലിയന്‍ പര്യടനമായിരുന്നു അത്. ഇംഗ്ലീഷ് ടീമിനെ നയിച്ചത് ജെയിംസ് ലില്ലിവൈറ്റും ഓസീസ് ടീമിനെ നയിച്ചത് ഡേവ് ഗ്രിഗറിയുമായിരുന്നു. മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്ത് ഓസീസ് താരം ചാള്‍സ് ബാന്നര്‍മാനെതിരേ ആല്‍ഫ്രഡ് ഷോ ടെസ്റ്റ് ചരിത്ത്രിലെ ആദ്യ പന്തെറിയുമ്പോള്‍ 1500 പേരാണ് ആ കാഴ്ച കാണാനുണ്ടായിരുന്നത്.

അക്കാലത്താണ് എം.സി.ജിയില്‍ 2000 പേര്‍ക്കിരിക്കാവുന്ന പുതിയ ഗ്രാന്‍ഡ്സ്റ്റാന്റ് പണിയുന്നത്. ബാക്കി സ്ഥലമാകട്ടെ പുല്ലുനിറഞ്ഞതും. എന്നാല്‍ മത്സരം അവസാനിക്കാറായപ്പോഴേക്കും 4500-ഓളം കാണികള്‍ കളി കാണാനെത്തി.

ആദ്യ ടെസ്റ്റ് മത്സരമായതിനാല്‍ തന്നെ നിരവധി റെക്കോഡുകളും ഈ മത്സരത്തില്‍ പിറന്നു. അതില്‍ പ്രധാനപ്പെട്ട ഒരു റെക്കോഡ് ഓസീസ് ഓപ്പണര്‍ ചാള്‍സ് ബാന്നര്‍മാന്റെ പേരിലായിരുന്നു. ടെസ്റ്റ് ചരിത്രത്തിലെ ആദ്യ സെഞ്ചുറി ബാന്നര്‍മാന്റെ പേരിലായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ താരം 165 റണ്‍സെടുത്തു. ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായി പരിക്കേറ്റ് പുറത്ത് പോകേണ്ടി (റിട്ടയേര്‍ഡ് ഹര്‍ട്ട്) വന്ന താരവും ബാന്നര്‍മാന്‍ തന്നെ. ജോര്‍ജ് ഉളിയെറ്റിന്റെ പന്ത് വിരലില്‍ കൊണ്ട് പരിക്കേറ്റാണ് ബാന്നര്‍മാന്‍ മടങ്ങിയത്. 290 മിനിറ്റ് ക്രീസില്‍ നിന്ന് 18 ബൗണ്ടറികളടക്കമാണ് ബാന്നര്‍മാന്‍ 165 റണ്‍സെടുത്തത്.

ടെസ്റ്റ് ചരിത്രത്തിലെ ആദ്യ വിക്കറ്റ് ഇംഗ്ലീഷ് താരം അലന്‍ ഹില്ലിന്റെ പേരിലാണ്. ഓസീസ് താരം നാറ്റ് തോംസണെയാണ് ഹില്‍ പുറത്താക്കിയത്. ടെസ്റ്റിലെ ആദ്യ ക്യാച്ചും ഹില്ലിന്റെ പേരില്‍ തന്നെ. ടോം ഹൊറാനെയാണ് ഹില്‍ ക്യാച്ചെടുത്ത് പുറത്താക്കിയത്. 

ഇന്നും ക്രിക്കറ്റ് ചരിത്രത്തില്‍ തകര്‍ക്കപ്പെടാത്ത ഒരു റെക്കോഡും ഈ മത്സരത്തില്‍ പിറന്നു. ഈ മത്സരം കളിക്കുമ്പോള്‍ ഇംഗ്ലീഷ് താരം ജെയിംസ് സദര്‍ട്ടന്റെ പ്രായം 49 വര്‍ഷവും 119 ദിവസവുമായിരുന്നു. ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന അദ്ദേഹത്തിന്റെ റെക്കോഡ് ഈ 143 വര്‍ഷത്തിനു ശേഷവും ഇളക്കമില്ലാതെ നിലകൊള്ളുന്നു.

ഓസീസ് താരം വില്യം ഇവാന്‍സ് മിഡ്‌വിന്ററാണ് ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടത്തിനുടമ. ഒന്നാം ഇന്നിങ്‌സില്‍ 54 ഓവര്‍ എറിഞ്ഞ മിഡ്‌വിന്റര്‍ 78 റണ്‍സ് വഴങ്ങിയാണ് അഞ്ചു വിക്കറ്റ് വീഴ്ത്തിയത്.

ഇംഗ്ലീഷ് താരം ആല്‍ഫ്രഡ് ഷോ രണ്ടാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയിരുന്നു. 34 ഓവര്‍ എറിഞ്ഞ ഷോ 38 റണ്‍സ് വഴങ്ങിയാണ് അഞ്ചു വിക്കറ്റെടുത്തത്. ഓസീസ് താരം ടോം കെന്‍ഡലും രണ്ടാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു. 33.1 ഓവറില്‍ 55 റണ്‍സ് വഴങ്ങിയ കെന്‍ഡല്‍ ഏഴു വിക്കറ്റ് വീഴ്ത്തി. 

മത്സരത്തില്‍ ഇംഗ്ലണ്ട് 45 റണ്‍സിന് തോറ്റു. ആദ്യം ബാറ്റു ചെയ്ത ഓസീസ് ബാന്നര്‍മാന്റെ സെഞ്ചുരി മികവില്‍ 245 റണ്‍സെടുത്തു. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 196 റണ്‍സിന് ഓള്‍ഔട്ടായി. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് വെറും 104 റണ്‍സിന് പുറത്തായി. 154 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റു ചെയ്ത ഇംഗ്ലണ്ടിന് 108 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

Content Highlights: On This Day 143 years ago, first Test match in cricket history