ന്യൂഡല്‍ഹി: ബഹുരാഷ്ട്ര കമ്പനിയുടെ പരസ്യത്തില്‍ അഭിനയിക്കാനുള്ള കോടികളുടെ വാഗ്ദാനം തള്ളി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ശീതളപാനീയത്തിന്റെ പരസ്യത്തില്‍ അഭിനയിക്കില്ലെന്നാണ് തന്റെ നിലപാടെന്ന് കോലി വ്യക്തമാക്കി. ഇതിന് ഇന്ത്യന്‍ ക്യാപ്റ്റന് വ്യക്തമായ കാരണവുമുണ്ട്.
ഇത്തരത്തിലുള്ള ശീതളപാനീയങ്ങള്‍ താന്‍ കുടിക്കാറില്ല. ഫിറ്റ്‌നെസ് ഏറെ ശ്രദ്ധിക്കുന്നയാളാണ് താനെന്നും അതിന്റെ ഭാഗമായി ഭക്ഷണക്രമത്തില്‍ ഒരുപാട് മാറ്റം വരുത്തിയിട്ടുണ്ടെന്നും കോലി പറഞ്ഞു. താന്‍ കുടിക്കാത്ത ഒരു സാധനം ഞാന്‍ എങ്ങിനെ പ്രചരിപ്പിക്കാനാണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ലെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ ചൂണ്ടിക്കാട്ടി. നേരത്തെ പെപ്‌സികോയുടെ പരസ്യത്തില്‍ നിന്നും ഇതേ നിലപാടോടെ കോലി പിന്‍വാങ്ങിയിരുന്നു.
കായികതാരങ്ങള്‍ പരസ്യങ്ങളിലൂടെ വരുമാനമുണ്ടാക്കാന്‍ മത്സരിക്കുമ്പോള്‍ അതില്‍ നിന്ന് വ്യത്യസ്തമായാണ് കോലിയുടെ സമീപനം. അതേസമയം മറ്റുള്ളവര്‍ അഭിനയിക്കുന്നതില്‍ അഭിപ്രായം പറയാനില്ലെന്നും കോലി വ്യക്തമാക്കി. സഹതാരങ്ങള്‍ക്ക് മുന്നില്‍ കോലി ഒരു മാതൃക മുന്നോട്ടുവെയ്ക്കുകയാണെന്നും വിലയിരുത്തലുകളുണ്ട്.
ബാഡ്മിന്റണ്‍ താരവും പരിശീലകനുമായിരുന്ന പുല്ലേല ഗോപീചന്ദും ഇത്തരത്തില്‍ നിലപാടെടുത്തിരുന്നു. ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ കിരീടം നേടിയതിന് പിന്നാലെയാണ് ഗോപീചന്ദിന് വന്‍ വാഗ്ദ്ധാനവുമായി ശീതളപാനീയ കമ്പനികള്‍ സമീപിച്ചത്. എന്നാല്‍ താന്‍ കുടിക്കാത്ത സാധനത്തിന്റെ പരസ്യത്തില്‍ അഭിനയിക്കില്ലെന്നും കായികതാരങ്ങള്‍ ശീതളപാനീയം കുടിക്കുന്നതിനോട് യോജിപ്പില്ലെന്നും ഗോപീചന്ദ് നിലപാടെടുക്കുകയായിരുന്നു.