ബ്രസീലിയ: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസ് നേരിടുന്നതിനിടെ ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ 61 കോടി രൂപയുടെ പുതിയ വിമാനം വാങ്ങി. സെസ്‌ന എയര്‍ക്രാഫ്റ്റ് കമ്പനിയുടെ 680 മോഡല്‍ എക്‌സിക്യൂട്ടീവ് വിമാനമാണ് നെയ്മര്‍ വാങ്ങിച്ചത്. ബിര്‍ പാര്‍ട്ടിസിപാകോസ് എന്ന കമ്പനിയുമായി പണയമിടപാട് നടത്തിയാണ് നെയ്മര്‍ സെസ്‌ന 680 സ്വന്തമാക്കിയത്.12 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന ഇടത്തരം വലിപ്പമുള്ള വിമാനമാണ് സെസ്‌ന 680. 

ഫിബ്രവരിയില്‍ ബ്രസീലിയന്‍ കോടതി നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നെയ്മറിന്റെ ജെറ്റ് വിമാനം, ഉല്ലാസ ബോട്ട് എന്നിവയുള്‍പ്പടെയുള്ള സ്വത്തുക്കള്‍ മരവിപ്പിച്ചിരുന്നു. 2011-13 കാലയളവില്‍ ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസില്‍ കളിക്കുമ്പോള്‍ നെയ്മര്‍ 106 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. മുഴുവന്‍ തുകയും നെയ്മര്‍ അടയ്ക്കുകയാണെങ്കില്‍ കേസ് അവസാനിപ്പിക്കാമെന്നും അല്ലെങ്കില്‍ ജയിലിൽ പോകേണ്ടി വരുമെന്നും ബ്രസീലിയന്‍ ഫെഡറൽ ടാക്‌സ് ഏജന്‍സി ഓഡിറ്റര്‍ ലഗാരോ ജംഗ് മാര്‍ട്ടിന്‍സ് വ്യക്തമാക്കിയിരുന്നു.