ഗ്രൗണ്ടിൽ മാത്രമല്ല, സോഷ്യൽ മീഡിയയിലും ഒരു ഓൾറൗണ്ടറാണ് ന്യൂസീലൻഡ് താരം ജിമ്മി നീഷാം. കുറിക്ക് കൊള്ളുന്ന മറുപടികളും അഭിപ്രായപ്രകടനങ്ങളും ചർച്ചകളും കൊണ്ട് ട്വിറ്ററിൽ സജീവമാണ് ജിമ്മി. കഴിഞ്ഞ ദിവസം ഉരുളയ്ക്ക് ഉപ്പേരി പോലുള്ള തന്റെ മറുപടി കൊണ്ട് ഒരു പാക് ടെലിവിഷൻ താരത്തെ  ഇരുത്തിക്കളഞ്ഞു ജിമ്മി.

ട്വിറ്ററിലൂടെ ജിമ്മിയോട് പ്രണയാഭ്യർഥന നടത്തുകയായിരുന്നു പാക് നടിയായ സെഹർ ഷിൻവാരി. അതും രസകരമായ രീതിയിൽ. ജിമ്മി താങ്കൾക്ക് എന്റെ ഭാവി മക്കളുടെ അച്ഛനാകാൻ താത്പര്യമുണ്ടോ എന്നായിരുന്നു കണ്ണിറിക്കി ഇമോജികളോടൊപ്പമുള്ള ഷെഹറിന്റെ ട്വീറ്റ്. ലോസ് ആഞ്ജലീസ് വിമാനത്താവളത്തിലൂടെയുള്ള തുടർച്ചയായ യാത്രയെക്കുറിച്ചുള്ള നീഷാമിന്റെ ട്വീറ്ററിന് റിപ്ലൈയായിട്ടായിരുന്നു സെഹറിന്റെ പ്രണയാഭ്യർഥന.

ഉടനെ വന്നു നീഷാമിന്റെ മറുപടി. ആ ഇമോജികൾ അനാവശ്യമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ഇതായിരുന്നു നീഷാമിന്റെ ട്വീറ്റ്. ലോകകപ്പ് ഫൈനലിലെ സൂപ്പർ ഓവറിൽ 14 റൺസ് നേടി ന്യൂസീലൻഡിനെ വിജയത്തിൻെറ വക്കിലെത്തിച്ച നീഷാമിന്റെ ഈ മറുപടി വലിയ ചർച്ചയ്ക്കാണ് ട്വിറ്ററിൽ വഴിവച്ചത്. നീഷാം ഈ മറുപടി കൊണ്ട് സത്യത്തിൽ എന്താണ് ഉദ്ദേശിച്ചതെന്നാണ് ചിലർ പറഞ്ഞത്. സെഹർ നേരത്തെ ബെൻ സ്റ്റോക്സിന്റെ അടുത്തും ഇതേ നമ്പർ ഇറക്കിയിരുന്നുവെന്ന് മറ്റ് ചിലർ കണ്ടുപിടിച്ചു. ക്രിക്കറ്റും സിനിമയും തമ്മിലുള്ള ബാന്ധവും പുതിയ കാര്യമല്ലാത്തതുകൊണ്ട് ഇരുവരുടെയും ഈ കളി കാര്യമാവുമോ എന്നൊരു ആശങ്കയും ചിലർക്ക് ഇല്ലാതില്ല.

Content Highlights: NewZealand Cricketer Jimmy Neesham gives epic response to Pakistani actress' marriage proposal