ന്യൂപോര്‍ട്ട് (യു.കെ): മത്സര ഫുട്‌ബോളിലെ ഏറ്റവും ദൂരമേറിയ ഗോളിനുള്ള ഗിന്നസ് റെക്കോഡ് ന്യൂപോര്‍ട്ട് കൗണ്ടി ഗോള്‍ കീപ്പര്‍ ടോം കിങ്ങിന്റെ പേരില്‍. ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗിലെ രണ്ടാം ഡിവിഷന്‍ ക്ലബ്ബാണ് ന്യൂപോര്‍ട്ട് കൗണ്ടി എ.എഫ്.സി.

ജനുവരി 20-ന് ന്യൂപോര്‍ട്ട് കൗണ്ടി എ.എഫ്.സിയും ഷെല്‍ട്ടണ്‍ഹാം ടൗണും തമ്മില്‍ നടന്ന മത്സരത്തിലാണ് ഗിന്നസ് റെക്കോഡില്‍ കയറിയ ഗോളിന്റെ പിറവി. 

മത്സരത്തിന്റെ 12-ാം മിനിറ്റില്‍ സ്വന്തം പോസ്റ്റില്‍ നിന്ന് ടോം അടിച്ച പന്ത് ഷെല്‍ട്ടണ്‍ഹാം ബോക്‌സിന് പുറത്ത് കുത്തി ഗോള്‍ കീപ്പര്‍ ജോഷ് ഗ്രിഫിത്തിന് യാതൊരു അവസരവും നല്‍കാതെ വലയില്‍ കയറുകയായിരുന്നു. 96.01 മീറ്റര്‍ പിന്നിട്ടാണ് ടോം അടിച്ച പന്ത് വലയിലെത്തിയത്. 

2013-ല്‍ സതാംപ്ടണെതിരേ സ്റ്റോക്ക് സിറ്റിക്കായി അസ്മിര്‍ ബെഗോവിച്ച് നേടിയ 91.09 മീറ്റര്‍ ഗോളായിരുന്നു ഇതുവരെയുള്ള ഗിന്നസ് ചരിത്രത്തിലെ ഏറ്റവും ദൂരമേറിയ ഗോള്‍. ഈ റെക്കോഡാണ് ടോം മറികടന്നത്.

Content Highlights: Newport keeper Tom King sets Guinness World Record with longest range goal