അബുദാബി: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ജയിച്ചെന്നു കരുതിയിടത്തു നിന്നാണ് പാകിസ്താന്‍ നാലു റണ്‍സിന്റെ തോല്‍വി വഴങ്ങിയത്. അതേസമയം തോറ്റെന്നു കരുതിയ മത്സരം ജയിക്കാനായതിന്റെ ആഹ്ലാദത്തിലാണ് കിവീസ്. 

അപ്രതീക്ഷിതമായി കൈവന്ന വിജയം മതിമറന്ന് ആഘോഷിക്കുകയാണ് അവര്‍. പാകിസ്താനെതിരായ മത്സര ശേഷം ന്യൂസിലന്‍ഡ് ഡ്രസിങ് റൂമിലെ വിജയാഘോഷത്തിന്റെ വീഡിയോ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. പഞ്ചാബികളുടെ ഭാംഗ്ര നൃത്തം കളിച്ച് രണ്ട് കിവീസ് താരങ്ങള്‍ വിജയം ആഘോശമാക്കുന്നത് വീഡിയോയില്‍ കാണാം. 

പഞ്ചാബി പാട്ടിന്റെ താളത്തിനൊത്ത് രസകരമായാണ് ഇരുവരും ചുവടു വെയ്ക്കുന്നത്. ന്യൂസിലന്‍ഡ് ഡ്രസിങ് റൂം വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

നേരത്തെ  രണ്ടാം ഇന്നിങ്സില്‍ 176 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താന്‍ 171 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ റണ്‍ അടിസ്ഥാനത്തിലുള്ള ഏറ്റവും ചെറിയ നാലാമത്തെ വിജയമാണ് ന്യൂസിലന്‍ഡിന്റേത്. അഞ്ചു വിക്കറ്റെടുത്ത അജാസ് പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഇഷ് സോധിയും നെയില്‍ വാഗ്നറുമാണ് കീവീസിന് അവിശ്വസനീയ ജയമൊരുക്കിയത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ അജാസ് പട്ടേല്‍ മാന്‍ ഓഫ് ദ മാച്ചായും തിരഞ്ഞെടുക്കപ്പെട്ടു. നവംബര്‍ 24 മുതല്‍ 28 വരെ ദുബായിലാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ്.

Content Highlights: new zealand cricketers celebrate test win against pakistan by doing bhangra