ലണ്ടന്‍: ദിവസങ്ങള്‍ക്കു മുമ്പ് പുറത്തിറങ്ങിയ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സിന്റെ 'ഓണ്‍ ഫയര്‍' എന്ന പുസ്തകം വളരെ പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇംഗ്ലണ്ട് കിരീടം നേടിയ 2019 ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ എല്ലാ മത്സരങ്ങളുടെയും വിശകലനം അടങ്ങുന്നതായിരുന്നു പുസ്തകം. ഇതില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശകലനമാണ് പുസ്തകം ഇത്രയും ശ്രദ്ധ നേടാൻ കാരണമായത്.

മത്സരത്തില്‍ ടീമിനെ ജയിപ്പിക്കാനുള്ള ഒരു ശ്രമവും ധോനിയില്‍ നിന്നുണ്ടായില്ലെന്നും രോഹിത്തിന്റെയും കോലിയുടെ ബാറ്റിങില്‍ ദുരൂഹത ഉണ്ടായിരുന്നതു പോലെയാണ് തനിക്കു തോന്നിയതെന്നും സ്‌റ്റോക്ക്‌സ് പുസ്തകത്തില്‍ എഴുതി.

ഇതിനു പിന്നാലെ പാകിസ്താനെ ലോകകപ്പില്‍ നിന്ന് പുറത്താക്കാന്‍ ഇന്ത്യ മനഃപൂര്‍വം ഇംഗ്ലണ്ടിനോട് തോല്‍ക്കുകയായിരുന്നുവെന്ന് മുന്‍ പാക് ബൗളര്‍ സിക്കന്തര്‍ ഭക്ത് ആരോപിച്ചു. ഇവിടെയാണ് സ്റ്റോക്ക്‌സ് അങ്ങനെ പറഞ്ഞതെന്ന് ചോദിച്ച് ട്വിറ്ററില്‍ ഏതാനും പേരും രംഗത്തെത്തിയതോടെ ഇത്തരം ആരോപണങ്ങള്‍ തള്ളി സ്റ്റോക്കസ് തന്നെ വിശദീകരണവും നല്‍കി.

ഇന്ത്യ മനഃപൂര്‍വം ഇംഗ്ലണ്ടിനോട് തോറ്റു എന്ന് പറഞ്ഞിട്ടില്ലെന്ന് സ്റ്റോക്ക്‌സ് വ്യക്തമാക്കി. 'നിങ്ങള്‍ക്കത് കണ്ടുപിടിക്കാന്‍ സാധിക്കില്ല, കാരണം ഞാനങ്ങനെ പറഞ്ഞിട്ടില്ല. അതിനെ വാക്കുകള്‍ വളച്ചൊടിക്കുക എന്ന് പറയും', സ്റ്റോക്ക്‌സ് കുറിച്ചു.

കഴിഞ്ഞ ലോകകപ്പിന്റെ പ്രാഥമിക റൗണ്ടിലായിരുന്നു ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഏറ്റുമുട്ടിയത്. 338 റണ്‍സി വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 31 റണ്‍സിന് പരാജയപ്പെടുകയായിരുന്നു.

ഒന്നു ശ്രമിച്ചാല്‍ ഇംഗ്ലണ്ടിനെതിരായ മത്സരം ജയിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നാണ് സ്റ്റോക്ക്‌സ് പുസ്തകത്തില്‍ പറഞ്ഞിട്ടുള്ളത്. 11 ഓവറില്‍ ഇന്ത്യക്കു ജയിക്കാന്‍ 112 റണ്‍സ് വേണമെന്നിരിക്കെ ധോനിയുടെ ബാറ്റിങ് ഏറൈ വിചിത്രമായി തോന്നി. സിക്സറുകള്‍ നേടുന്നതിനേക്കാള്‍ സിംഗിളുകള്‍ക്കായാണ് അദ്ദേഹം ശ്രമിച്ചത്. ധോനിയില്‍ നിന്നോ അദ്ദേഹത്തിന്റെ പങ്കാളിയായ കേദാര്‍ ജാദവില്‍ നിന്നോ ടീമിനെ ജയിപ്പിക്കാനുള്ള ഒരു ശ്രമവും കണ്ടില്ലെന്നും സ്റ്റോക്ക്‌സ് കുറിച്ചു.

മത്സരത്തിലെ രോഹിത് ശര്‍മ - വിരാട് കോലി കൂട്ടുകെട്ടിനെ കുറിച്ചും പുസ്തകത്തില്‍ സ്റ്റോക്ക്‌സ് സംശയം പ്രകടിപ്പിച്ചിരുന്നു. രോഹിത്തിന്റെയും കോലിയുടെ ബാറ്റിങില്‍ ദുരൂഹത ഉണ്ടായിരുന്നതു പോലെയാണ് തനിക്കു തോന്നിയതെന്നായിരുന്നു സ്റ്റോക്ക്‌സ് കുറിച്ചത്. ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കാനുള്ള ഒരു ശ്രമവും ഇരുവരുടെയും ഭാഗത്തുനിന്നുണ്ടായില്ലെന്നും അദ്ദേഹം കുറിച്ചിരുന്നു.

Content Highlights: Never said India lost deliberately to England at World Cup says Ben Stokes