ന്യൂഡല്‍ഹി: ജീവിതത്തില്‍ പുതിയ ഇന്നിങ്‌സിനൊരുങ്ങുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാന്‍. ബോളിവുഡ് താരവും മോഡലുമായ സാഗരികയുമായി നവംബര്‍ 27നാണ് സഹീറിന്റെ വിവാഹം. എന്നാല്‍ വിവാഹം മാതാചാര പ്രകാരമായിരിക്കില്ല. ഇരുവരും വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ടതിനാല്‍ കോടതി വഴിയുള്ള കൂടിച്ചേരലാകും തങ്ങളുടേതെന്ന് സഹീര്‍ വ്യക്തമാക്കി. ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് സഹീറിന്റെ പ്രതികരണം.

'വിവാഹത്തിന് ഒരു മാതാചാരവും പിന്തുടരാന്‍ താത്പര്യപ്പെടുന്നില്ല. മുസ്ലിം വിശ്വാസപ്രകാരമുള്ള നിക്കാഹില്‍ നിന്നും ഹിന്ദു വിശ്വാസപ്രകാരമുള്ള സാത് ഫെറാസില്‍ നിന്നും വിട്ടുനില്‍ക്കും. ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് പാര്‍ട്ടി കൊടുക്കും. മുംബൈയില്‍ നവംബര്‍ 27ന് നിയമപ്രകാരം ഞങ്ങള്‍ ഒരുമിക്കും. മുംബൈയിലും പുണെയിലും വിവാഹത്തോടനുബന്ധിച്ചുള്ള പാര്‍ട്ടി നടത്തണമെന്നാണ് ആഗ്രഹം. വിവാഹാഘോഷത്തെ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഒരു ഒത്തുചേരലാക്കാനാണ് താല്‍പര്യം. സഹീര്‍ അഭിമുഖത്തില്‍ പറയുന്നു. 

ഇരുവരുടെയും കുടുംബവും വിവാഹത്തിന് പിന്തുണയുമായുണ്ട്. ഒരെതിര്‍പ്പുമുണ്ടായില്ലെന്ന് സഹീറും സാഗരികയും പറയുന്നു. ഒരേ മതത്തില്‍പെട്ടയാളെ വിവാഹം ചെയ്യുന്നതിനപ്പുറം വ്യക്തിയുടെ സ്വഭാവത്തിനാണ് തന്റെ മാതാപിക്കള്‍ മുന്‍ഗണന നല്‍കിയതെന്ന് സാഗരിക പറയുന്നു.