ന്യൂഡല്‍ഹി: ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി രാജ്യത്തിന്റെ അഭിമാനമായ നീരജ് ചോപ്രയെ കുറിച്ചുള്ള ചര്‍ച്ചയാണ് ആരാധകര്‍ക്കിടയില്‍ സജീവമാകുന്നത്. നീരജ് ചോപ്രയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഇനി ബോളിവുഡില്‍ സിനിമ ഒരുങ്ങുമെന്നാണ് ആരാധകര്‍ പറയുന്നത്. ഈ ചിത്രത്തില്‍ ആരായിരിക്കും ഇന്ത്യയുടെ 'ഗോള്‍ഡന്‍ ബോയ്' ആയി അഭിനയിക്കുക? 

നീരജ് ചോപ്ര പറയുന്നത് അക്ഷയ് കുമാറോ രണ്‍ദീപ് ഹൂഡയോ തന്റെ റോള്‍ ചെയ്യണമെന്നാണ്. ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുന്നതിനും മുമ്പ് നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു നീരജിന്റെ കമന്റ്. 

'ബയോപിക് ഒരുക്കുകയാണെങ്കില്‍ അതു വലിയ കാര്യമാണ്. ഹരിയാനയില്‍ നിന്നുള്ള രണ്‍ദീപ് ഹൂഡയോ അക്ഷയ് കുമാറോ എന്നെ വെള്ളിത്തിരയില്‍ അവതരിപ്പിക്കണമെന്നാണ് എന്റെ ആഗ്രഹം.' 2018-ല്‍ ഏഷ്യന്‍ ഗെയിംസിന് ശേഷം ദി ക്യുന്റിന് നല്‍കിയ അഭിമുഖത്തില്‍ നീരജ് പറയുന്നു. 

87.58 മീറ്റര്‍ ദൂരം ജാവലിന്‍ പായിച്ചാണ് നീരജ് സ്വര്‍ണം കഴുത്തിലണിഞ്ഞത്. രണ്ടാം റൗണ്ടിലായിരുന്നു ഈ സ്വര്‍ണ പ്രകടനം. അത്ലറ്റിക്സില്‍ ഒളിമ്പിക്‌സിന്റെ ചരിത്രത്തില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന ആദ്യ മെഡലാണിത്. അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരവുമാണ് നീരജ് ചോപ്ര. ബെയ്ജിങ്ങിനുശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുന്നത്.

Content Highlights: Neeraj Chopra wants Akshay Kumar or Randeep Hooda to play his role in biopic