മാലി: ഇന്ത്യയ്ക്കായി ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ താരമെന്ന നേട്ടം നീരജ് ചോപ്ര സ്വന്തമാക്കിയിട്ട് അധിക സമയമാകുന്നില്ല. ടോക്യോയില്‍ നീരജ്  എറിഞ്ഞ ജാവലിന്‍ ചെന്ന് തറച്ചത് ഇന്ത്യയുടെ ഒളിമ്പിക് ചരിത്രത്തിലാണ്.

ഊണിലും ഉറക്കത്തിലും ജാവലിന്‍ മാത്രം മനസില്‍ കൊണ്ടുനടക്കുന്ന നീരജ് പങ്കുവെച്ച ഒരു വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്. മാലിദ്വീപില്‍ അവധി ആഘോഷിക്കാനെത്തിയ താരം കടലിനടിയില്‍ വെച്ച് ജാവലിന്‍ എറിയുന്നതായി കാണിക്കുന്നതാണ് വീഡിയോയിലെ ഉള്ളടക്കം. 

മാലിദ്വീപിലെ ഫുറവെരി റിസോര്‍ട്ടിലാണ് നീരജ് താമസിക്കുന്നത്. ഇവിടെ നിന്നും സ്‌കൂബ ഡൈവിനിടെയാണ് താരം കടലിനടിയില്‍ ജാവലിന്‍ എറിയുന്നതായി കണിക്കുന്നത്. നീരജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ വൈറലായി. 

'ആകാശത്താണെങ്കിലും ഭൂമിയിലാണെങ്കിലും ഇനി കടലിനടിയിലാണെങ്കിലും ഞാന്‍ ജാവലിനെ കുറിച്ചാണ് ചിന്തിക്കുന്നത്' എന്ന് കുറിച്ചാണ് നീരജ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

രാജ്യം ഒന്നാകെ ആഘോഷമാക്കിയ മെഡല്‍ നേട്ടമായിരുന്നു നീരജിന്റേത്. ടോക്യോയില്‍ 87.58 മീറ്റര്‍ എറിഞ്ഞാണ് താരം ജാവലിന്‍ സ്വര്‍ണം നേടിയത്.

Content Highlights: Neeraj Chopra enacts javelin throwing under water