മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന എം.എസ് ധോനിക്ക് ബൈക്കിനോടുള്ള പ്രണയം എല്ലാവർക്കും അറിയാവുന്നതാണ്. ധോനിയുടെ വീട്ടിൽ ബൈക്കുകളുടെ ഒരു കളക്ഷൻ തന്നെയുണ്ട്. ഇപ്പോഴിതാ ഒരു യുവതാരം കൂടി ധോനിയെ പിന്തുടരാൻ ഒരുങ്ങുകയാണ്. ഇന്ത്യയുടേയും ഐപിഎൽ ടീം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റേയും പേസ് ബൗളറായ നവ്ദീപ് സയ്നിയാണ് ആ താരം.

കഴിഞ്ഞ ദിവസം ട്വിറ്ററിൽ സയ്നി പോസ്റ്റ് ചെയ്ത ബൈക്കിന്റെ വീഡിയോ നിരവധി പേരാണ് കണ്ടത്. ഒപ്പം ധാരാളം റീട്വീറ്റും ലൈക്കും വന്നു. ഹാർലി-ഡേവിഡ്സൺ ബൈക്കിൽ ഷർട്ട് ധരിക്കാതെയാണ് സയ്നി ഇരിക്കുന്നത്. ബൈക്കിന്റെ ആക്സിലേറ്റർ കൂട്ടി ചുറ്റും പൊടി പരത്തുന്നതും വീഡിയോയിൽ കാണാം. 'ഭയം എന്താണെന്ന് അറിയണമെങ്കിൽ എന്റെ കൂടെ ബൈക്കിൽ വരൂ' എന്ന ക്യാപ്ഷനും ഈ ട്വീറ്റിന് സയ്നി നൽകിയിട്ടുണ്ട്.

ഐപിഎൽ 14-ാം സീസണിൽ ഒരൊറ്റ മത്സരം മാത്രമാണ് സയ്നി കളിച്ചത്. രണ്ട് ഓവർ എറിഞ്ഞ് 27 റൺസ് വഴങ്ങിയ താരം വിക്കറ്റൊന്നും വീഴ്ത്തിയില്ല. കഴിഞ്ഞ ഐപിഎൽ സീസണിൽ 13 മത്സരങ്ങളിൽ നിന്ന് ആറു വിക്കറ്റെടുത്തിരുന്നു. ഇന്ത്യയുടെ കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിലെ നാലാം ടെസ്റ്റിലും സയ്നി കളിച്ചിരുന്നു. അന്ന് പരിക്കേറ്റ താരം ഇടയ്ക്ക് ഗ്രൗണ്ട് വിടുകയും ചെയ്തു.

 

Content Highlights: Navdeep Saini Flaunts Harley Davidson Bike