നീലേശ്വരം: അഞ്ചാംക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്റെ വിരല്‍ത്തുമ്പ് പിടിച്ച് വോളിബോള്‍ കോര്‍ട്ടിന് പുറത്ത് കാത്തിരുന്ന പെണ്‍കുട്ടി ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ പന്തുതട്ടാന്‍ കളത്തിലിറങ്ങി. കൂട്ടിന് പെണ്‍കുട്ടികളെയൊന്നും കിട്ടാതായപ്പോള്‍ പുരുഷ ടീമില്‍ കളിച്ചുതുടങ്ങി. അന്ന് കൈയ്യിലൊതുങ്ങാത്ത പന്തുമായി കളിച്ചവള്‍ ഇന്ന് കേരള ടീമിന്റെ നായികയായി ദേശീയ വോളിബോള്‍ കിരീടം കൈയിലേറ്റുവാങ്ങുന്നു.

കേരള വനിതകള്‍ ദേശീയ വോളിബോളില്‍ ചാമ്പ്യന്‍മാരായപ്പോള്‍, ടീമിന്റെ നായികയായ അഞ്ജു ബാലകൃഷ്ണന്റെ നാട് ആഹ്ലാദത്തിലാണ്.

കാസര്‍കോട് ജില്ലയിലെ കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ നെല്ലിയടുക്കം ചാങ്ങാട്ടെ കെ.ബാലകൃഷ്ണന്റെയും പി. പ്രേമലതയുടെയും മകളായ അഞ്ജു, നെല്ലിയടുക്കം റെഡ് സ്റ്റാര്‍ ക്ലബ്ബില്‍ നിന്നാണ് വോളിബോള്‍ പരിശീലിച്ചത്. രക്ഷിതാക്കളുടെയും ക്ലബ്ബിന്റെയും പിന്തുണയോടെ മത്സരരംഗത്തേക്ക് കടന്നു.

കെ.എസ്.ഇ.ബി. താരമായ അഞ്ജുവിന്റെ ആറാമത് സീനിയര്‍ ദേശീയ മത്സരമാണിത്. ടീമിനെ നയിക്കുന്നത് ഇതാദ്യം. അഞ്ചാംനമ്പര്‍ ജേഴ്സിയണിഞ്ഞ അഞ്ജു പ്രതിരോധത്തില്‍ ടീമിന്റെ കരുത്തായി. 22 ദേശീയ മത്സരങ്ങള്‍ കളിച്ച അഞ്ജു 2018 ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീം അംഗമായിരുന്നു. 2014-ലാണ് കെ.എസ്.ബി.ഇ. ടീമിലെത്തിയത്.

ഏഴാംക്ലാസുവരെ നെല്ലിയടുക്കം എ.യു.പി. സ്‌കൂളിലും പിന്നീട് കല്‍പ്പറ്റ എസ്.കെ.എം.ജെ. എച്ച്.എസ്. സ്‌കൂളിലുമായിരുന്നു പഠനം. സെയ്ന്റ് ജോസഫ് ഇരിങ്ങാലക്കുടയിലായിരുന്നു കോളേജ് പഠനം. ഭര്‍ത്താവ്: കടുമേനി സ്വദേശി രഞ്ജിത്ത് നാരായണന്‍. സഹോദരി ആതിരയും വോളിബോള്‍ താരമാണ്.

Content Highlights: National volleyball title in anju balakrishnan's hand today