1971 ജനുവരി അഞ്ചിനാണ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഏകദിന മത്സരം നടക്കുന്നത്. മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്ത് ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഏറ്റുമുട്ടിയപ്പോള്‍ അതൊരു ചരിത്രമാകുകയായിരുന്നു. ക്രിക്കറ്റിന് ജന്മം നല്‍കിയ നാട്ടുകാര്‍ക്ക് പക്ഷേ ഏകദിന ക്രിക്കറ്റിലെ ലോക കിരീട ധാരണമെന്ന സ്വപ്‌നം മാത്രം സാധ്യമാകാതെ നിന്നു. അതിനായി ക്രിക്കറ്റിന്റെ ജന്മനാടിന് കാത്തിരിക്കേണ്ടി വന്നത് നാലര പതിറ്റാണ്ടിലേറെ കാലമാണ്. 

ഒടുവില്‍ ഇന്നേക്ക് കൃത്യം ഒരു വര്‍ഷം മുമ്പ് 2019 ജൂലായ് 14-ന് ലോര്‍ഡ്‌സിലെ ചരിത്രമുറങ്ങുന്ന മൈതാനത്ത് അവര്‍ അത് സ്വന്തമാക്കി. അതും നാലര പതിറ്റാണ്ട് പിന്നിടുന്ന ഏകദിന ചരിത്രത്തിലെ തന്നെ ഏറ്റവും പിരിമുറുക്കം നിറഞ്ഞ മത്സരത്തിലൂടെ. ന്യൂസീലന്‍ഡിനെതിരായ മത്സരം നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ടൈ ആയതോടെ നേടിയ ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ട് ജേതാക്കളാകുകയായിരുന്നു.

സൂപ്പര്‍ ഓവറിലെ അവസാന പന്തില്‍ ജോസ് ബട്ട്‌ലര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ റണ്ണൗട്ടാക്കിയതോടെ ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സില്‍ തന്നെ ചരിത്രത്തിന്റെ കാവ്യനീതി എന്നപോലെ ക്രിക്കറ്റിന് ജന്മം നല്‍കിയ ഇംഗ്ലണ്ടിന്റെ ആദ്യ കിരീട ധാരണം നടന്നു.

nail biting finish This day, last year England beat New Zealand in World Cup final

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 241 റണ്‍സ്. ഹെന്റി നിക്കോള്‍സ് (77 പന്തില്‍ 55), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (53 പന്തില്‍ 30), ടോം ലാഥം (56 പന്തില്‍ 47) എന്നിവരുടെ ഇന്നിങ്‌സുകളാണ് കിവീസിനെ തുണച്ചത്.

242 റണ്‍സെന്ന താരതമ്യേന ദുര്‍ബലമായ ലക്ഷ്യമായിരുന്നു കരുത്തുറ്റ ഇംഗ്ലീഷ് ബാറ്റിങ് നിരയ്ക്ക് മുന്നിലുണ്ടായിരുന്നത്. എന്നാല്‍ ലോഡ്‌സില്‍ കണ്ടത് മറ്റൊരു കഥ. കിവീസ് ബൗളര്‍മാരുടെ പേസിന് മുന്നില്‍ ഇംഗ്ലണ്ട് പരുങ്ങി. നാലിന് 86 റണ്‍സെന്ന നിലയിലായ ഇംഗ്ലണ്ടിനെ പിന്നീട് ബെന്‍ സ്റ്റോക്ക്‌സും ജോസ് ബട്ട്‌ലറും ചേര്‍ന്ന് കൈപിടിച്ചുയര്‍ത്തുന്നതാണ് ക്രിക്കറ്റ് ലോകം കണ്ടത്. അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഈ സഖ്യം കൂട്ടിച്ചേര്‍ത്ത 110 റണ്‍സാണ് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. 60 പന്തില്‍ 59 റണ്‍സെടുത്ത ബട്ട്‌ലറെ ടിം സൗത്തി ഉഗ്രനൊരു ക്യാച്ചിലൂടെ മടക്കിയതോടെ കിവീസ് വീണ്ടും പിടിമുറുക്കി. പക്ഷേ സ്റ്റോക്ക്‌സിലെ പോരാളി പിന്നീട് ഒറ്റയ്ക്കു തന്നെ പൊരുതി.

അവസാന ഓവറില്‍ 15 റണ്‍സാണ് ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. ട്രെന്‍ഡ് ബോള്‍ട്ടായിരുന്നു ബൗളര്‍. ക്രീസില്‍ സ്‌റ്റോക്ക്‌സ് തന്നെ. ആദ്യ രണ്ടു പന്തുകളില്‍ റണ്ണെടുക്കാന്‍ കഴിയാതിരുന്ന സ്റ്റോക്‌സ് മൂന്നാമത്തെ പന്തില്‍ സിക്‌സര്‍ പറത്തി. നാലാം പന്തില്‍ രണ്ടാം റണ്ണിനായുള്ള ശ്രമത്തിനിടെ ഫീല്‍ഡര്‍ എറിഞ്ഞ പന്ത് സ്റ്റോക്ക്സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറിയിലേക്ക്. അതോടെ നാലാം പന്തില്‍ ഇംഗ്ലണ്ടിന് ആറു റണ്‍സ് ലഭിച്ചു. ഇംഗ്ലണ്ടിനും ജയത്തിനുമിടയ്ക്ക് രണ്ട് പന്തും മൂന്നു റണ്‍സും. അഞ്ചാം പന്തില്‍ ഡബിള്‍ നേടാനുള്ള ശ്രമത്തിനിടെ ആദില്‍ റഷീദ് റണ്ണൗട്ടായി. ഇതോടെ ഒരു വിക്കറ്റ് മാത്രം കൈയിലുള്ള ഇംഗ്ലണ്ടിന് അവസാന പന്തില്‍ നിന്ന് ജയിക്കാന്‍ വേണ്ടത് രണ്ടു റണ്‍സ്. സ്റ്റോക്ക്‌സിന്റെ ഷോട്ട്, രണ്ടാം റണ്ണിനായുള്ള ശ്രമത്തിനിടെ മാര്‍ക്ക് വുഡ് റണ്ണൗട്ടായി. ഇതോടെ മത്സരം സമനിലയില്‍.

nail biting finish This day, last year England beat New Zealand in World Cup final

ലോക ജേതാക്കളെ തീരുമാനിക്കാന്‍ അതോടെ സൂപ്പര്‍ ഓവര്‍. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട്, ട്രെന്‍ഡ് ബോള്‍ട്ടിന്റെ ആറു പന്തില്‍ 15 റണ്‍സ് നേടി. ബട്ട്‌ലര്‍ മൂന്ന് പന്തില്‍ നിന്ന് ഏഴും സ്റ്റോക്‌സ് മൂന്ന് പന്തില്‍ നിന്ന് എട്ട് റണ്‍സും അടിച്ചെടുത്തു.

16 റണ്‍സ് ലക്ഷ്യമിട്ട് കിവീസിനായി ഗുപ്റ്റിലും നീഷാമും ക്രീസില്‍. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ ആദ്യ പന്തു തന്നെ വൈഡ്. അടുത്ത പന്തില്‍ നീഷാം രണ്ട് റണ്‍സെടുത്തു. രണ്ടാം പന്തില്‍ കൂറ്റന്‍ സിക്‌സും പിറന്നതോടെ ന്യൂസീലന്‍ഡിന്റെ സ്വപ്നത്തിന് ജീവന്‍വച്ചു. അടുത്ത പന്തില്‍ വീണ്ടും രണ്ട് റണ്‍സ്. നാലാം പന്തില്‍ വീണ്ടും ഡബിള്‍. അഞ്ചാം പന്തില്‍ സിംഗിള്‍. അവസാന പന്തില്‍ കിവീസിന് ജയിക്കാന്‍ രണ്ടു റണ്‍സ്. പന്ത് നേരിടുന്നത് ഗുപ്റ്റില്‍. രണ്ടാം റണ്ണിനായുള്ള ശ്രമത്തിനിടെ ഗുപ്റ്റിലിനെ ബട്ട്‌ലര്‍ റണ്ണൗട്ടാക്കി. ഇംഗ്ലണ്ടിന് ആദ്യ ഏകദിന കിരീടം.

nail biting finish This day, last year England beat New Zealand in World Cup final

സൂപ്പര്‍ ഓവറും ടൈ ആയെങ്കിലും നിശ്ചിത 50 ഓവറില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടി എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ട് ജേതാക്കളായത്. ഇംഗ്ലണ്ട് 26 ബൗണ്ടറികള്‍ നേടിയപ്പോള്‍. ന്യൂസീലന്‍ഡിന് 17 എണ്ണം മാത്രമേ നേടാനായുള്ളൂ. 

തുടര്‍ച്ചയായ രണ്ടാം തവണയും കിവീസ് റണ്ണറപ്പുകളായി മടങ്ങി. മൂന്ന് തവണ റണ്ണറപ്പുകളായി നിരാശപ്പെട്ട ശേഷമാണ് ഇംഗ്ലണ്ട് ലോകകപ്പ് ഉയര്‍ത്തിയത്. 1992-ലായിരുന്നു അവരുടെ അവസാന ഫൈനല്‍ പോരാട്ടം.

Content Highlights: nail biting finish This day, last year England beat New Zealand in World Cup final