ചെന്നൈ: ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരം എലിസ് പെറിയും റഗ്ബി താരം മാറ്റ് ടൂമ്വയും വിവാഹമോചിതരായതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരം മുരളി വിജയിയെ ട്രോളി സോഷ്യൽ മീഡിയയിൽ നിറയെ പോസ്റ്റുകൾ. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ എലിസ് പെറിക്കൊപ്പം ഡിന്നറിന് പോകാൻ ആഗ്രഹമുണ്ടെന്ന് മുരളി വിജയ് പറഞ്ഞിരുന്നു. ഇതാണ് ഈ ട്രോളുകൾക്കെല്ലാം കാരണം.

ഐ.പി.എൽ ടീം ചെന്നൈ സൂപ്പർ കിങ്സുമായുള്ള ലൈവ് ചാറ്റിനിടയിലാണ് മുരളി വിജയ് ഓസീസ് താരത്തിനൊപ്പം ഒരു ദിവസം പുറത്തുപോയി ഡിന്നർ കഴിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. ബില്ല് അടക്കാൻ തയ്യാറാണെങ്കിൽ ഡിന്നറിന് വരാമെന്ന് എലിസ് പെറി മറുപടിയും നൽകി. ഇതിന് പിന്നാലെയാണ് മാറ്റുമായുള്ള ബന്ധം വേർപെടുത്തുകയാണെന്ന് എലിസ് പെറി വ്യക്തമാക്കിയത്. ഇതോടെ സോഷ്യൽ മീഡിയ ട്രോളുകൾകൊണ്ട് നിറഞ്ഞു.

അഞ്ചു വർഷം നീണ്ട വിവാഹബന്ധത്തിനു ശേഷം പിരിയുകയാണെന്ന് കഴിഞ്ഞ ദിവസമാണ് എലിസ് പെറിയും മാറ്റ് ടൂമ്വയും പരസ്യമാക്കിയാത്. ഈ വർഷം ആദ്യം തന്നെ പിരിഞ്ഞിരുന്നുവെന്ന് ഇരുവരും ശനിയാഴ്ച്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറഞ്ഞിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ഓസ്ട്രേലിയൻ ക്രിക്കറ്റ് പുരസ്കാര വേദിയിൽ എലിസ് പെറി വിവാഹമോതിരം ധരിക്കാതെയാണ് പ്രത്യക്ഷപ്പെട്ടത്. ഇതോടെ എലിസിന്റേയും മാറ്റിന്റേയും ബന്ധത്തിൽ വിള്ളലുകൾ സംഭവിച്ചിട്ടുണ്ടെന്ന് അഭ്യൂഹങ്ങളുണ്ടായി. എന്നാൽ ഇതെല്ലാം തള്ളിക്കളഞ്ഞ് ഇരുവരും രംഗത്തെത്തിയിരുന്നു. വിരലിന് പരിക്കേറ്റതിനാലാണ് വിവാഹ മോതിരം ധരിക്കാത്തത് എന്നായിരുന്നു ഓസീസ് താരത്തിന്റെ വിശദീകരണം.

ഓസീസ് ടീമിലെ മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ എലിസ് പെറി കരിയറിൽ ഇതുവരെ 112 ഏകദിനവും എട്ടു ടെസ്റ്റും 120 ട്വന്റി-20 മത്സരവും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 624 റൺസും 31 വിക്കറ്റും നേടി. ഏകദിനത്തിൽ 3022 റൺസും 152 വിക്കറ്റുമാണ് അക്കൗണ്ടിലുള്ളത്. ട്വന്റി-20യിൽ 1218 റൺസും 114 വിക്കറ്റുമാണ് സമ്പാദ്യം.

 

 

Content Highlights: Murali Vijay roasted after Ellyse Perry announces divorce