മുംബൈ: കഴിഞ്ഞ മൂന്നു പതിറ്റാണ്ടോളം റെസ്ലിങ് റിങ്ങില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും ആവേശമായിരുന്ന 'ദി അണ്ടര്‍ടേക്കര്‍' വിരമിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. തൊണ്ണൂറുകളില്‍ ജനിച്ച പലര്‍ക്കും ഏറെ ഓര്‍മകള്‍ സമ്മാനിച്ച താരമായിരുന്നു അദ്ദേഹം. ചോക്ക്സ്ലാം, ടോമ്പ്‌സ്റ്റോണ്‍ പയല്‍ ഡ്രൈവര്‍ തുടങ്ങിയ അണ്ടര്‍ടേക്കറുടെ ഫിനിഷിങ് മൂവുകള്‍ ഒരിക്കലെങ്കിലും അനുകരിക്കാത്ത കുട്ടികള്‍ ഉണ്ടാകുമോ?
ഇപ്പോഴിതാ വിരമിച്ച റെസ്ലിങ് ഇതിഹാസത്തിന് ആദരമര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഐ.പി.എല്‍ ടീം മുംബൈ ഇന്ത്യന്‍സ്. '30 ഐതിഹാസിക വര്‍ഷങ്ങള്‍' എന്ന് ട്വിറ്ററില്‍ കുറിച്ച മുംബൈ ഇന്ത്യന്‍സ് ഡബ്ല്യു.ഡബ്ല്യു.ഇ ചാമ്പ്യന്‍ഷിപ്പ് ബെല്‍റ്റിന്റെ മാതൃകയും അതു പിടിച്ചുനില്‍ക്കുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ചിത്രവും ഇതിനൊപ്പം പോസ്റ്റ് ചെയ്തു. അണ്ടര്‍ടേക്കര്‍ക്ക് നന്ദിയറിയിച്ചുകൊണ്ടുള്ള ഹാഷ്ടാഗും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
പ്രൊഫഷണല്‍ റെസ്ലിങ്ങിന്റെ ചരിത്രത്തില്‍ ഗ്ലാമര്‍ താരങ്ങളിലൊരാളായ അണ്ടര്‍ടേക്കറുടെ യഥാര്‍ഥ പേര് മാര്‍ക്ക് വില്യം കാലവെ എന്നാണ്. 1990-ല്‍ ആരംഭിച്ച മൂന്നു പതിറ്റാണ്ടോളം നീണ്ട ഡബ്ല്യു.ഡബ്ല്യു.ഇ കരിയറിനാണ് 55-കാരനായ അദ്ദേഹം അവസാനം കുറിച്ചത്.
അദ്ദേഹത്തെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയായ 'അണ്ടര്‍ടേക്കര്‍: ദ ലാസ്റ്റ് റൈഡി'ന്റെ അഞ്ചാമത്തെയും അവസാനത്തെയും എപ്പിസോഡിലാണ് താന്‍ ഡബ്ല്യു.ഡബ്ല്യു.ഇ കരിയര്‍ അവസാനിപ്പിച്ചതായി അണ്ടര്‍ടേക്കര്‍ അറിയിച്ചത്. ഡബ്ല്യു.ഡബ്ല്യു.ഇ റിങ്ങിലേക്ക് ഇനിയൊരിക്കലും ഒരു മടങ്ങിവരവുണ്ടാകില്ലെന്ന് അണ്ടര്‍ടേക്കര്‍ വ്യക്തമാക്കി.
റെസ്സല്‍മാനിയ 36-ല്‍ എ.ജെ സ്‌റ്റൈല്‍സിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ അവസാന മത്സരം. ഏഴു തവണ ഡബ്ല്യു.ഡബ്ല്യു.ഇ ചാമ്പ്യനായിട്ടുണ്ട്. ആറു തവണ ടാഗ് ടീം കിരീടവും സ്വന്തമാക്കി. നിരവധി സിനിമകളിലും അദ്ദേഹം വേഷമിട്ടു. ആരാധകര്‍ ഡെഡ് മാന്‍ എന്നു വിളിക്കുന്ന അണ്ടര്‍ടേക്കറുടെ ശവപ്പെട്ടിയിലുള്ള റിങ്ങിലേക്കുള്ള വരവ് ഏറെ പ്രസിദ്ധമായിരുന്നു.
അണ്ടര്‍ടേക്കര്‍ക്ക് ആദരവര്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് പോസ്റ്റ് ചെയ്ത ഡബ്ല്യു.ഡബ്ല്യു.ഇ ചാമ്പ്യന്‍ഷിപ്പ് ബെല്‍റ്റിന്റെ മാതൃക 2017-ല്‍ ഐ.പി.എല്‍ കിരീടം നേടിയപ്പോള്‍ ഡബ്ല്യു.ഡബ്ല്യു.ഇ ചീഫ് ഓപ്പറേറ്റിങ് ഓഫീസറും 14 തവണ റെസ്ലിങ് ചാമ്പ്യനുമായ ട്രിപ്പിള്‍ എച്ച് അവര്‍ക്ക് സമ്മാനിച്ചതാണ്.
Content Highlights: Mumbai Indians pay tribute to The Undertaker