റാഞ്ചി: മലയാളം പാട്ടുപാടി നേരത്തെ തന്നെ നമ്മെ ഞെട്ടിച്ച എം.എസ് ധോനിയുടെ മകള്‍ സിവ ധോനി ഒരിടവേളയ്ക്കു ശേഷം വീണ്ടും മലയാളം പാട്ടുമായി എത്തിയിരിക്കുകയാണ്.
കണ്ടു ഞാന്‍ കണ്ണനേ കായാമ്പൂ വര്‍ണനേ എന്നു തുടങ്ങുന്ന ഗാനമാണ് ഇത്തവണ സിവ പാടിയിരിക്കുന്നത്. സിവയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. സിങ്ങിങ് മോഡ് എന്ന ക്യാപ്ഷനോടെയാണ് 51 സെക്കന്‍ഡുളള വീഡിയോ.
ഇതാദ്യമായല്ല സിവ മലയാളം പാട്ടുപാടി ആരാധകരെ പ്രത്യേകിച്ച് മലയാളികളെ ഞെട്ടിക്കുന്നത്. 'അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ', 'കണികാണും നേരം കമലാനേത്രന്റെ' തുടങ്ങിയ പാട്ടുകളും സിവ നേരത്തെ പാടി പോസ്റ്റ് ചെയ്തിരുന്നു.
സിവയുടെ ആദ്യ ഗാനം ഇറങ്ങിയപ്പോള്‍ മുതലേ സിവയെ മലയാളം പഠിപ്പിച്ചതാരാണെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു ആരാധകര്‍. സിവയുടെ മലയാളിയായ ആയയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. കടുത്ത കൃഷ്ണ ഭക്തരായ ധോണിയുടെയും ഭാര്യ സാക്ഷിയുടെയും താത്പര്യപ്രകാരമാണ് അവര്‍ കുഞ്ഞു സിവയെ കണ്ണന്റെ പാട്ട് പഠിപ്പിച്ചതെന്നും പറഞ്ഞ് കേട്ടിരുന്നു.
Content Highlights: MS Dhoni’s Daughter Ziva Sings Malayalam Song