വെല്ലിങ്ടണ്‍: പരമ്പര വിജയത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി ബി.സി.സി.ഐ അടുത്തിടെ ഏര്‍പ്പെടുത്തിയ ഒരു സെഗ്മെന്റാണ് ചാഹല്‍ ടിവി. ഇന്ത്യന്‍ താരങ്ങളെ യൂസ്‌വേന്ദ്ര ചാഹല്‍ ഇന്റര്‍വ്യൂ ചെയ്യുന്നതാണ് ഈ സെഗ്മെന്റ്. പലപ്പോഴും കുഴക്കുന്ന ചോദ്യങ്ങളാണ് ചാഹല്‍ ചോദിക്കാറ്. 

ഇപ്പോഴിതാ ചാഹലിന്റെ അഭിമുഖത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടുന്ന എം.എസ് ധോനിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത്. 

ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്കിടെയാണ് ബി.സി.സി.ഐ ഈ സെഗ്മെന്റ് ആരംഭിക്കുന്നത്. മത്സരത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളെയാണ് ഇതില്‍ ഇന്റര്‍വ്യൂ ചെയ്യാറ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, മുഹമ്മദ് ഷമി, രോഹിത് ശര്‍മ എന്നിവരൊക്കെ ചഹലിന് ഇന്റര്‍വ്യൂ നല്‍കിയിരുന്നു.

ഇതിനാല്‍ ചാഹല്‍ സമീപിച്ചപ്പോഴാണ് ധോനി ഓടി രക്ഷപ്പെട്ടത്. ന്യൂസീലന്‍ഡിനെതിരായ അവസാന ഏകദിനത്തിലെ ജയത്തിനു ശേഷം പരമ്പര വിജയികള്‍ക്കുളള ട്രോഫി ഏറ്റുവാങ്ങിയ താരങ്ങള്‍ പലവഴിക്ക് പിരിയുമ്പോഴാണ് ചാഹല്‍ ധോനിയെ സമീപിക്കുന്നത്. 

ഉടന്‍ തന്നെ ധോനി ഡ്രസിങ് റൂമിലേക്ക് ഓടുന്ന പോകുന്ന വീഡിയോയാണ് വൈറലാകുന്നത്. പിന്നാലെ ചഹലും ഓടുന്നുണ്ടെങ്കിലും ധോണി കൈയുയര്‍ത്തി നോ പറഞ്ഞ് പവലിയനിലേക്ക് ഓടി മറയുകയാണ്.

Content Highlights: ms dhoni runs away from yuzvendra chahal to not appear on chahal tv