റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിങ്‌സ് ജയം നേടിയതിനു പിന്നാലെ ഇന്ത്യന്‍ ടീം അംഗങ്ങളെ കാണാന്‍ ഏവരും കാത്തിരുന്ന 'അതിഥി'യെത്തിയിരുന്നു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും റാഞ്ചി സ്വദേശിയുമായ എം.എസ്. ധോനി.
മൂന്നാം ടെസ്റ്റ് വിജയാഘോഷങ്ങള്‍ക്കിടെയാണ് അദ്ദേഹം ഡ്രസ്സിങ് റൂമില്‍ സഹതാരങ്ങളെ കാണാനെത്തിയത്. എന്നാല്‍ റാഞ്ചിയിലെ സ്റ്റേഡിയത്തിലെത്തിയ ധോനിയെ പോലെ തന്നെ കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരു താരം കൂടിയെത്തിയിരുന്നു. കടുത്ത വാഹന പ്രേമികൂടിയായ അദ്ദേഹത്തിന്റെ ഗാരേജിലെ പുതിയ താരം; നിസാന്‍ ജോംഗ എന്ന എസ്.യു.വി.
ഈ വാഹനത്തിലാണ് ധോനി സ്‌റ്റേഡിയത്തിലെത്തിയത്. സ്‌റ്റേഡിയത്തില്‍ നിന്ന് പുതിയ വാഹനത്തില്‍ മടങ്ങുന്ന ധോനിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ചെറുതും വലുതുമായ ധോനിയുടെ വാഹന ശേഖരത്തില്‍ ഒടുവിലെത്തിയ അതിഥിയാണ് ജോംഗ. 1965 മുതല്‍ 1999 വരെ സൈനിക ആവശ്യങ്ങള്‍ക്കായി നിര്‍മിച്ച വാഹനമാണിത്. ടെറിറ്റോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ കൂടിയായ ധോനി പഞ്ചാബില്‍ നിന്നാണ് ഈ സൈനിക വാഹനം സ്വന്തമാക്കിയത്.
.@msdhoni marked his presence at JSCA in style as he took his new car 'Jonga' for a spin!💙😇#Dhoni #TeamIndia #Ranchi pic.twitter.com/HKNmT5KavZ
— MS Dhoni Fans Official (@msdfansofficial) October 22, 2019
നിസാന്റെ ഇരുപത് വര്‍ഷത്തിലേറെ പഴക്കമുള്ള മോഡലാണിത്. ഫെറാരി 599 ജി.ടി.ഒ, ഹമ്മര്‍ എച്ച്2, ജി.എം.സി സിയേറ തുടങ്ങിയ കാറുകളും കവസാക്കി നിഞ്ച എച്ച്2, കോണ്‍ഫെഡറേറ്റ് ഹെല്‍കാറ്റ്, ബിഎസ്എ, സുസുക്കി ഹയാബുസ, നോര്‍ട്ടണ്‍ വിന്റേജ് തുടങ്ങിയ ഇരുചക്ര വാഹനങ്ങളും ധോനിയുടെ ശേഖരത്തിലുള്ള ചില വാഹനങ്ങളാണ്. അടുത്തിടെ പുതിയ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്ഹോക്ക് മോഡലും ധോനി സ്വന്തമാക്കിയിരുന്നു.
Content Highlights: MS Dhoni rides his new SUV Jonga to meet India teammates