മുംബൈ: രാജ്യമാണ് തനിക്ക് പ്രധാനമെന്ന് പലപ്പോഴും തുറന്നു പറയുകയും ചെയ്തിട്ടുണ്ട് ധോനി. അങ്ങനെയുള്ള ധോനിയുടെ ഹെല്‍മെറ്റില്‍ ഇന്ത്യയുടെ പതാക ഇല്ലാത്തത് കണ്ട് ആരാധകർ നെറ്റി ചുളിച്ചിരുന്നു. ആര്‍മി പ്രിന്റുള്ള ഗ്ലൗസ് ഉപയോഗിക്കുന്ന ധോനി പൊതുചടങ്ങുകളില്‍ സൈനികവേഷമണിഞ്ഞുമെത്തിയിട്ടുണ്ട്. 

എന്നാല്‍ ഇത്രയും രാജ്യസ്‌നേഹമുണ്ടായിട്ടും ധോനിയുടെ ഹെല്‍മെറ്റില്‍ ഇന്ത്യയുടെ പതാകയില്ലാത്തതെന്താണെന്ന് ആരാധകര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയുടെ മിക്ക താരങ്ങളുടെയും ഹെല്‍മെറ്റില്‍ പതാകയുണ്ടായിട്ടും ധോനി മാത്രം എന്തുകൊണ്ട് അതില്‍ പിന്നോട്ടുനില്‍ക്കുന്നു എന്നതായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. ഇപ്പോള്‍ അതിനുള്ള ഉത്തരവും  ലഭിച്ചിരിക്കുന്നു. പതാകയോടുള്ള ആദരവാണ് അതിനുപിന്നിലെന്നാണ് ഒരു ആരാധകന്‍ കണ്ടെത്തിയിരിക്കുന്നത്.

വിക്കറ്റ് കീപ്പര്‍മാര്‍ മത്സരത്തിനിടെ പലപ്പോഴും ഹെല്‍മെറ്റ് മാറ്റാറുണ്ട്. സ്പിന്നര്‍മാര്‍ പന്തെറിയുമ്പോള്‍ ഹെല്‍മെറ്റ് മാറ്റി തൊപ്പി വെക്കുകയും ഫാസ്റ്റ് ബൗളര്‍മാരാണെങ്കില്‍ ഹെല്‍മെറ്റ് വെയ്ക്കുകയും ചെയ്യുന്നതാണ് പതിവ്. ഓരോ ഓവര്‍ കഴിയുമ്പോഴും ഹെല്‍മെറ്റ് മാറ്റാന്‍ സൈഡ് ബെഞ്ചിലുള്ള താരത്തിന്റെ സഹായം തേടുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. അതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ഹെല്‍മെറ്റ് നിലത്തുവെയ്ക്കുകയാണ് ചെയ്യുക. 

അത് പതാക നിലത്തുവെയ്ക്കുന്നതിന് തുല്ല്യമാണെന്നും പതാകയെ അപമാനിക്കുന്നതാണെന്നും ധോനി വിശ്വസിക്കുന്നു. അതു കൊണ്ടാണ് ധോനി ഹെല്‍മെറ്റില്‍ നിന്ന് ഇന്ത്യന്‍ പതാക എടുത്തുകളഞ്ഞതെന്നുമാണ് ഈ ആരാധകന്റെ കണ്ടെത്തല്‍. 

Content Highlights: MS Dhoni refuses to sport Indian flag on his helmet, here's a theory explaining why