റാഞ്ചി: അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോനി ഐ.പി.എല്‍ തിരക്കുകള്‍ കൂടി അവസാനിച്ചതോടെ കരിങ്കോഴി വളര്‍ത്തലിലേക്ക് തിരിയുന്നു.

റാഞ്ചിയിലെ തന്റെ ഫാം ഹൗസില്‍ കരിങ്കോഴി വളര്‍ത്തല്‍ തുടങ്ങാനാണ് ധോനിയുടെ നീക്കം. ഇതിനായി മധ്യപ്രദേശിയില്‍ നിന്ന് 20,000 കരിങ്കോഴി കുഞ്ഞുങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു അദ്ദേഹം.

മധ്യപ്രദേശിലെ ജാബുവ ജില്ലയാണ് കടക്‌നാഥ് ചിക്കന്‍ എന്ന കരിങ്കോഴി ഇനം വികസിപ്പിച്ചെടുത്തത്. ഇവിടുത്തെ തനത് കോഴിയിനമാണിത്.

മധ്യപ്രദേശിലെ ജാബുവ ജില്ലയിലെ കര്‍ഷകനായ വിനോദ് മേധയാണ് ധോനിക്ക് കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നത്. അടുത്ത മാസം 15-ന് കുഞ്ഞുങ്ങളെ കൈമാറും.

സുഹൃത്തുക്കള്‍ മുഖേന ധോനി തന്നെ ബന്ധപ്പെട്ടതായി കടക്‌നാഥ് കോഴി ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഐ.എസ് തോമര്‍ പറഞ്ഞു. ഇവിടത്തെ കോഴികളുടെ ഇറച്ചി ജി.ഐ ടാഗ് ഉള്ളവയാണ്.

പോഷക സമ്പന്നമായ ഇറച്ചിയാണ് കടക്‌നാഥ് കോഴിയുടേത്. കറുത്ത മാംസമാണ് ഇവയുടെ പ്രത്യേകത. മറ്റു കോഴിയിനങ്ങളെ അപേക്ഷിച്ച് ഇവയുടെ ഇറച്ചിയില്‍ പ്രോട്ടീന്റെ അളവ് കൂടുതലും കൊളസ്‌ട്രോള്‍ കുറവുമാണ്.

Content Highlights: MS Dhoni into poultry farming ordered 2000 black Kadaknath chickens