റാഞ്ചി: ക്രിക്കറ്റ് താരങ്ങള്‍ക്ക് ക്രിക്കറ്റ് ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റ് നിരവധി ഹോബികളുണ്ടാകാം. സച്ചിന് ടെന്നീസ്, കുംബ്ലെയ്ക്ക് ഫോട്ടോഗ്രഫി, മാത്യു ഹെയ്ഡന് പാചകം അങ്ങനെ തുടങ്ങി നിരവധി ഉദാഹരണങ്ങളുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് എം.എസ് ധോനിയുടെ കാര്യം. വാഹനങ്ങളുടെ കടുത്ത ആരാധകനായ ധോനിയുടെ പുതിയ ഹോബി ജൈവ കൃഷിയാണ്.

2019 ലോകകപ്പ് സെമിയിലെ തോല്‍വിക്കു ശേഷം താത്കാലികമായി ക്രിക്കറ്റില്‍ നിന്ന് മാറിനില്‍ക്കുകയാണ് ധോനി. എന്നാല്‍ തന്റെ ഫാം ഹൗസില്‍ താരം നല്ല തിരക്കിലാണ്. കാരണം കൃഷി തന്നെ. 

കഴിഞ്ഞ ദിവസം തന്റെ ഫാംഹൗസില്‍ ട്രാക്ക്ടര്‍ ഉപയോഗിച്ച് നിലം ഉഴുന്ന ധോനിയുടെ വീഡിയോ പുറത്തുവന്നിരുന്നു. ക്രിക്കറ്റിന്റെ അവധിയില്‍ ധോനി ജൈവ കൃഷിയില്‍ ഒരു കൈ നോക്കുകയാണ്.

നേരത്തെ തണ്ണീര്‍ മത്തന്‍, പപ്പായ തുടങ്ങിയവ കൃഷി ചെയ്യുന്ന ധോനിയുടെ വീഡിയോയും പുറത്തുവന്നിരുന്നു. കോവിഡ് പ്രതിസന്ധി മൂലം ഐ.പി.എല്ലും അനിശ്ചിതത്വത്തിലായ കാരണം ധോനി കൃഷിയിലെ തന്റെ കഴിവുകള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്.

ലോകകപ്പിനു ശേഷം ക്രിക്കറ്റില്‍ നിന്ന് മാറിനിന്നതോടെ ധോനി വിരമിക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എങ്കിലും താരം ഇതുവരെ ഇക്കാര്യവുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.

Content Highlights: MS Dhoni into organic farming, sows seeds at Ranchi farmhouse