ശ്രീനഗര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം എം.എസ് ധോനിയുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ഇന്ത്യ-പാകിസ്താന്‍ പരമ്പര ക്രിക്കറ്റെന്ന നിലയില്‍ മാത്രം കാണാനാകില്ലെന്നും ഗൗരവമേറിയ കാര്യമായതിനാല്‍ പെട്ടെന്ന് തീരുമാനമെടുക്കാനാകില്ലെന്നും ധോനി പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ നയതന്ത്രതലത്തിലും രാഷ്ട്രീയതലത്തിലുമാണ് തീരുമാനം കൈകൊള്ളേണ്ടതെന്നും ധോനി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കശ്മീരിലെത്തിയ ധോനിയെ സ്വീകരിച്ച രീതിയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമാകുന്നത്. സ്‌റ്റേഡിയത്തിലെത്തിയ ധോനിയെ ഒരുകൂട്ടം ആളുകള്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ പേര് ഉറക്കെ വിളിച്ചാണ് സ്വീകരിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമാണ്. ഒരു കൂട്ടം ആളുകള്‍ ഉറക്കെ 'ബൂം ബൂം അഫ്രീദി' എന്നു വിളിക്കുന്നത് വീഡിയോയില്‍ കാണാം. 

സുരക്ഷാ ഉദ്യോഗസ്ഥര്‍ ജനക്കൂട്ടത്തെ തള്ളിമാറ്റാന്‍ ശ്രമിക്കുന്നതും ആള്‍ക്കൂട്ടം അഫ്രീദി എന്നു വിളിച്ചു പറയുന്നത് തുടരുന്നതും വീഡിയോയിലുണ്ട്. 

കശ്മീര്‍ താഴ്‌വരയില്‍ ഇന്ത്യന്‍ സൈന്യം സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ മുഖ്യാതിഥിയായി എത്തിയതായിരുന്നു ലെഫ്റ്റനന്റ് കേണല്‍ കൂടിയായ ധോനി. ശ്രീനഗറില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള കുന്‍സെറിലായിരുന്നു ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. കശ്മീരില്‍നിന്ന് കൂടുതല്‍ ക്രിക്കറ്റ് താരങ്ങള്‍ ഇന്ത്യന്‍ ടീമിലെത്തുമെന്നാണ് പ്രതീക്ഷയെന്നും ധോനി വ്യക്തമാക്കിയിരുന്നു. 

Content Highlights: MS Dhoni greeted with Boom Boom Afridi chants in Jammu and Kashmir